
കേരളവും കേന്ദ്രവും തമ്മിൽ സുപ്രീംകോടതിയിൽ നടന്ന കടമെടുപ്പ് പരിധി കേസ് നിയമ വിദ്യാർത്ഥികൾക്ക് ഒരു പാഠ്യവിഷയമായി ഭാവിയിൽ മാറാൻ പോകുന്നതാണ്. കേസിലേക്കു വലിച്ചിഴയ്ക്കാതെ തന്നെ കേന്ദ്രത്തിന് ഇത് പരിഹരിക്കാനാവുമായിരുന്നു. അതിന് അവർ തയ്യാറായില്ല. പകരം കേരളത്തിന് നൽകാവുന്നതിലും അധികം നൽകിയതിന്റെ കണക്കുകളാണ് കേന്ദ്ര ധനകാര്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ നിരത്തിയത്. ഇതിനു വിരുദ്ധമായ കണക്കുകളാണ് സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പൊതുജനങ്ങളെ മാദ്ധ്യമങ്ങളിലൂടെയും മറ്റും അറിയിച്ചത്. സാധാരണക്കാർക്ക് ഇവരിൽ ആര് പറയുന്നതാണ് ശരി എന്നത് തിരിച്ചറിയാനാകാത്ത ഒരു സാഹചര്യമാണ് നിലനിന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കടമെടുപ്പിന്റെ പരിധി കൂട്ടാൻ ഒരു സംസ്ഥാനം കേന്ദ്രത്തിനെതിരെ കേസിനു പോയത്. കേസ് പിൻവലിക്കുകയാണെങ്കിൽ 13,608 കോടി കടമെടുപ്പിന് അനുമതി നൽകാം എന്ന വിചിത്ര ന്യായമാണ് കേന്ദ്രം സുപ്രീംകോടതിയിൽ മുന്നോട്ടുവച്ചത്. ഇതിൽ നിന്ന് ഒരു സാധാരണ പൗരനു പോലും മനസ്സിലാവുന്ന ഒരു കാര്യം, ഇത്രയും തുക കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ട് എന്നതാണ്. കേരളത്തിന് അങ്ങനെ അർഹതയില്ലെങ്കിൽ അതായിരുന്നില്ലേ കേന്ദ്രം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്. കേന്ദ്രത്തിൽ നിന്നുള്ള പുതിയ ധനസഹായമല്ല കേരളം ചോദിച്ചത്. കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിച്ച് നൽകണം എന്ന ആവശ്യമാണ്. ഇതിന് സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അനുമതി നിഷേധിച്ചത് കേന്ദ്രത്തിലെ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു.
സാധാരണഗതിയിൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ ഇത്തരം തർക്കങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ വരുമ്പോൾ കേന്ദ്ര - സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്ച നടത്തി പരിഹരിക്കുന്നതാണ് പതിവ്. അതുമല്ലെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പ്രധാനമന്ത്രിയെ നേരിൽക്കണ്ട് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധിപ്പിക്കുകയും പ്രധാനമന്ത്രിയുടെ ഇടപെടലോടെ പ്രശ്നം താത്‌കാലികമായെങ്കിലും സംസ്ഥാനങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കവും പതിവും. ഇതിനു പകരം രാഷ്ട്രീയ ചേരിതിരിവോടെയുള്ള വിവാദ പ്രസ്താവനകളാണ് വന്നുകൊണ്ടിരുന്നത്. ഗത്യന്തരമില്ലാതെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. അതിന് സംസ്ഥാന മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പല വിധത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടിയും വന്നിരുന്നു. എന്നാൽ കേസിനു പോകാനുള്ള കേരളത്തിന്റെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നു എന്നാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ തീർപ്പിലൂടെ വ്യക്തമാകുന്നത്.
കേന്ദ്രത്തിനെതിരെ കേരളം നേടുന്ന ഒരു രാഷ്ട്രീയ വിജയം കൂടിയാണിത്. കൂടുതൽ തുക ഇനിയും കടമെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രവും കേരളവും ചർച്ച നടത്തട്ടെ എന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതിനിടയിൽ വിവാദ പ്രസ്താവനകൾ ഇരുഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്ന ഈ പ്രശ്നം ഇനിയും കോടതി കയറാൻ ആരും ഇടയാക്കാതിരിക്കുന്നതാണ് ഉചിതം. അതോടൊപ്പം തന്നെ ധനകാര്യ മാനേജ്‌മെന്റിൽ കുറച്ചുകൂടി അച്ചടക്കം പാലിക്കാനുള്ള നടപടികളും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ജനങ്ങളുടെ മേലുള്ള നികുതിഭാരം കൂട്ടാതെ വരുമാനത്തിന് പുതിയ സ്രോതസ്സുകൾ കണ്ടെത്താനുള്ള മാർഗങ്ങളാണ് കേരളം ആരായേണ്ടത്.