
മലയിൻകീഴ് : ഇക്കുറിയും പതിവ് തെറ്റാതെ വിളപ്പിൽശാല സംഘത്തിന്റെ ശിവാലയ ഓട്ടം ആരംഭിച്ചു. കഴിഞ്ഞ 27 വർഷമായി കാവിയുടുത്ത് രുദ്രാക്ഷ മാലയണിഞ്ഞ് ഗോവിന്ദ -ഗോപാല മന്ത്രങ്ങളുരുവിട്ട് ശിവാലയ ഓട്ടം സംഘടിപ്പിക്കുന്നു.വിളപ്പിൽശാല ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് യാത്ര തിരിച്ച സംഘം വൈകിട്ടോടെ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലെത്തി നഗ്നപാദരായി രണ്ട് രാത്രിയും ഒരു പകലും നീളുന്ന ശിവാലയ ഓട്ടത്തിൽ അണിചേരും.തിരുമലയിൽ തുടങ്ങി തിരുവട്ടാലം വരെ 12 ശിവക്ഷേത്രങ്ങളിലായി 110 കിലോമീറ്റർ ഓടിയാണ് ദർശനം നടത്തുന്നത്.വിളപ്പിൽശാല നിന്നുള്ള 25 പേരാണ് സംഘത്തിലുള്ളത്.കൊങ്ങപ്പള്ളി സ്വദേശി ശശിധരൻ നായരാണ് സംഘത്തിന്റെ ഗുരുസ്വാമി.