k-surendran

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിന് കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നവരിൽ പലരും മുൻപ് ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയവരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

പത്മയുടെ ഭർത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിൽ ഭയന്നാണ് അവർ ബി.ജെ.പിയിലേക്കു പോകുന്നതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കോൺഗ്രസിനെ വഞ്ചിച്ച് ബി.ജെ.പിയിൽ പോയി എന്നൊക്കെ ചിലർ പറയുന്നതു കേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സി.പി.എമ്മിന്റെ പാളയത്തിൽ പോയവർ അത് പറയേണ്ട. മൂന്നു പാർട്ടികളുടെ പ്രസിഡന്റായിരുന്ന ഒരാൾ കേരളത്തിൽ വേറെയില്ല. ബി.ജെ.പിയിലേക്ക് ആരെങ്കിലും വന്നാൽ അവർക്ക് കുഴപ്പങ്ങളായി.എന്നാൽ സി.പി.എമ്മിലേക്ക് പോയാൽ അതൊന്നുമില്ല.ഈ മനോഭാവമാണ് കോൺഗ്രസിനെ തകർക്കുന്നത്.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ തന്നെ ബി.ജെ.പിയിൽ ചേർന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കെ.കരുണാകരന്റെ മകൾ അത്തരത്തിൽ തീരുമാനമെടുക്കുന്നു. ഇവരെല്ലാം വരുന്നത് ഉപാധികളില്ലാതെയാണ്. കേരളത്തിൽ ബി.ജെ.പിയുടെ പ്രസക്തി കൂടുന്നുവെന്നും, കോൺഗ്രസ് തകരുന്നുവെന്നുമാണിത് കാണിക്കുന്നത്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബി.ജെ.പിയിലേക്കുവരാനുള്ളവരായതു കൊണ്ടാണ് ഞങ്ങൾ പല കാര്യങ്ങളും പറയാത്തത്-സുരേന്ദ്രൻ പറഞ്ഞു.