ബാലരാമപുരം: ഗ്രാമീണമേഖലയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരവുമായി ആറാലുംമൂട് വാട്ടർ അതോറിട്ടി. വേനൽ കടുത്തതോടെ പഞ്ചായത്തുകളിലെ മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളത്തിന്റെ ഉപഭോഗം വർദ്ധിച്ചതാണ് കഴിഞ്ഞ ആഴ്ചകളിൽ ജലവിതരണം തടസപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്. 2020 ൽ വാട്ടർ അതോറിട്ടിയുടെ കീഴിൽ 7000 കണക്ഷൻ മാത്രമാണ് അനുവദിച്ചിരുന്നത്. 2024 ആയതോടെ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 31000 ആയി ഉയർന്നു. പൊതുടാപ്പുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഗാർഹിക കണക്ഷനുകളുടെ എണ്ണം പതിൻമടങ്ങ് വർദ്ധിച്ചതും ജലദൗർലഭ്യം നേരിടാൻ കാരണമായി. കുടിവെള്ള പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ഫീസടച്ച് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന നടപടികളും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
 തടസങ്ങൾ ഏറെ
ആറാലുംമൂട് വാട്ടർ അതോറിട്ടിയുടെ കീഴിൽ ബാലരാമപുരം, പള്ളിച്ചൽ, വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തിലെ പകുതി വാർഡുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. കാളിപ്പാറ, ചൂഴാറ്റുകോട്ട, വെള്ളായണി കുടിവെള്ളപദ്ധതിയിൽ നിന്നുമാണ് ഗ്രാമീണ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത്. കാളിപ്പാറ പദ്ധതിയിൽ നിന്നു പകൽ സമയം പമ്പിംഗ് തടസപ്പെടുന്നതാണ് കുടിവെള്ളപ്രതിസന്ധിക്ക് ഒരു കാരണമായി തുടരുന്നത്.
 വെള്ളം മുടങ്ങി
ബാലരാമപുരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കാളിപ്പാറ പദ്ധതിയിൽ നിന്നാണ് വിതരണം നടക്കുന്നത്. ചൂഴാറ്റുകോട്ടയിൽ നിന്നും പള്ളിച്ചൽ പഞ്ചായത്ത് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തടസമില്ലാതെ കുടിവെള്ളം ലഭിച്ചുതുടങ്ങി. വെണ്ണിയൂരിൽ കനാൽ വെള്ളം ശേഖരിക്കുന്നതിലേക്കായി ഇൻഫിലിട്രേഷൻ ഗാലറിയുണ്ട്. ഇവിടെ നിന്നു വെള്ളം ശുദ്ധീകരിച്ച് പുല്ലാന്നിമുക്ക് ടാങ്കിൽ ശേഖരിച്ചാണ് വെങ്ങാനൂർ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നത്. കനാൽ വെള്ളം തുറന്നുവിടാത്തതിനാൽ ഗാലറിയിൽ കുടിവെള്ള ശേഖരണവും മുടങ്ങിയിരിക്കുകയാണ്.
കുടിവെള്ളമെത്തും
1. സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബാലരാമപുരം, പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ടാങ്കിൽ നിന്നും എല്ലാ വാർഡുകളിലും ജലജീവൻമിഷൻ വഴിയാണ് കുടിവെള്ളമെത്തുന്നത്.
2. ബാലരാമപുരം വണിഗർ തെരുവിൽ 12 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്.
3.ആറാലുംമൂട് വാട്ടർ അതോറിട്ടി സെക്ഷൻ ഓഫീസിലെ സർഫൈസ് ടാങ്ക് ഉൾപ്പെടെ രണ്ട് ടാങ്കുകളിൽ നിന്ന് ബാലരാമപുരം പള്ളിച്ചൽ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്.
4. വെള്ളായണി പ്ലാന്റിലെ വെള്ളം പെരിങ്ങമല കാണിക്കാകുറ്റി ഭാഗത്തെ കൂറ്റൻ ടാങ്കിൽ ശേഖരിച്ചാണ് കല്ലിയൂർ പഞ്ചായത്ത് പ്രദേശത്ത് വെള്ളമെത്തിക്കുന്നത്.