
കോട്ടയം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടും അറസ്റ്റിൽ. താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് മനോജ് എന്ന മനോജു (50) ആണ് അറസ്റ്റിലായത്. ഇയാൾ വിദ്യാർത്ഥിയെ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ മനോജ് ഒളിവിൽ പോയി. കഴിഞ്ഞ ദിവസം ഏന്തയാർ ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റ് വിവരം മറച്ചുവെച്ച വെസ്റ്റ് പൊലീസ് മാദ്ധ്യമങ്ങൾക്ക് വാർത്ത ലഭിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇതിന് ജില്ലാ പൊലീസ് മേധാവി മൗനാനുവാദം നൽകിയത് വിവാദമായിരുന്നു. ഈ കേസിൽ രണ്ടാഴ്ചയോളമായി മുങ്ങിയ മനോജിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനമുയർന്നതോടെയാണ് നടപടി. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകുമാർ എം, എസ്.ഐ സജികുമാർ. ഐ, സി.പി.ഓമാരായ രാജേഷ് കെ.എം, ശ്യാം എസ്.നായർ, തുളസി സി.എ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.