
കൊച്ചി: മുപ്പത്തഞ്ചിലധികം മോഷണക്കേസിലെ പ്രതി അടിമാലി വെള്ളത്തൂവൽ ഇരുനൂറേക്കർ ചക്കിയാങ്കൽ പത്മനാഭനെ (64) പെരുമ്പാവൂർ പൊലീസ് പിടികൂടി. കഴിഞ്ഞ 20ന് രാത്രി മുടിക്കൽ ഷറഫിയ സ്‌കൂളിന്റെ ഓഫീസും പള്ളിവക ഭണ്ഡാരവും പൊളിച്ച് മോഷണം നടത്തിയ കേസന്വേഷണത്തിനിടയിലാണ് പിടിയിലായത്. തൃശൂർ പോട്ടൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
ജനുവരി ഏഴിനാണ് തൃശൂർ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. കുറവിലങ്ങാട്, കൊടകര, മണ്ണുത്തി, ഒല്ലൂർ, മാള സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ട്. 1985മുതൽ മോഷണ രംഗത്തുണ്ട്. 1987ൽ ഊന്നുകല്ലിൽ മോഷണം നടത്തുന്നതിനിടയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇൻസ്‌പെക്ടർ എം.കെ. രാജേഷ്, എസ്.ഐമാരായ ടോണി ജെ. മറ്റം, റെജിമോൻ എ.എസ്.ഐ പി.എ. അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ. അഭിലാഷ്, മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.