തൃശൂർ : ഫോൺ ഹാക്ക് ചെയ്ത് ആധാർ നമ്പർ ഉൾപ്പെടെ സ്വന്തമാക്കി ഇൻസ്റ്റന്റ് പേഴ്‌സണൽ ലോൺ ആപ്പ് വഴി യുവാവിൽ നിന്ന് തട്ടിയത് പത്ത് ലക്ഷം രൂപ. തെക്കുംകര സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുംബയിൽ നിന്ന് യുവാവിന്റെ ഫോണിലേക്ക് കാൾ വരികയായിരുന്നു.

മുംബയിൽ നിന്ന് ഇറാഖിലേക്ക് എം.ഡി.എം.എ പാഴ്‌സലായി അയച്ചെന്നും അത് പിടിക്കപ്പെട്ടെന്നും പറഞ്ഞാണ് ഫോൺ ചെയ്തത്. എന്നാൽ താൻ അവിടെ അല്ലെന്നും അത്തരം സംഭവം അറിയില്ലെന്നും യുവാവ് പറഞ്ഞെങ്കിലും ഇന്റർ പോൾ കേസാണെന്നും ജയിലാകുമെന്നും ഭീഷണിപ്പെടുത്തി. ഉടനെ സൈബർ സെൽ എസ്.ഐക്ക് ഫോൺ കൈമാറുന്നുവെന്ന് പറഞ്ഞുവത്രേ. തുടർന്ന് സംസാരിച്ചത് മറ്റൊരാളായിരുന്നു. മറുതലയ്ക്കൽ വയർലെസ് സെറ്റിന്റെ ശബ്ദവും മറ്റും കേട്ടിരുന്നതായി യുവാവ് പറഞ്ഞു.

ഒന്നര മണിക്കൂറോളം ഇംഗ്ലീഷിൽ യുവാവുമായി സംസാരിച്ചു. ഇതിനിടയിൽ ആധാർ നമ്പർ, എ.ടി.എം കാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പു സംഘം കൈക്കലാക്കി. ഇതിനിടെ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന നാലായിരത്തിലേറെ രൂപ കാലിയാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യുവാവ് കൈവശമുണ്ടായിരുന്ന പണം ട്രാൻസ്ഫർ ചെയ്തു. തുടർന്ന് ഇപ്പോൾ യുവാവിന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം വരുമെന്നും അത് മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് തനിക്ക് വന്ന സംഖ്യ ഉടനെ ട്രാൻസ്ഫർ ചെയ്തു. ഇതോടെ തട്ടിപ്പ് സംഘം ഫോൺ ഓഫ് ചെയ്തു.

തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് പത്ത് ലക്ഷം രൂപയുടെ വായ്പയെടുത്തായി അറിഞ്ഞത്. പത്ത് ലക്ഷം രൂപയുടെ വായ്പയിൽ ബാങ്കിന്റെ നടപടികൾക്ക് വേണ്ട തുക കഴിച്ച് 9.92 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് വന്നത്. ഉടനെ ബാങ്കിലെത്തി പരിശോധിച്ചപ്പോഴും പത്ത് ലക്ഷം രൂപയുടെ പേഴ്‌സണൽ ലോണെടുത്തായി കണ്ടെത്തി. വന്ന ഫോൺ നമ്പറും അക്കൗണ്ട് നമ്പറും മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്. തൃശൂർ സൈബർ സെല്ലിൽ പരാതി നൽകി.