മീനങ്ങാടി: യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട കുറ്റ്യാടി പാലേരി ഇടവള്ളത്ത് മുഹമ്മദ് ഇജാസ് (28)നെയാണ് മീനങ്ങാടി പൊലീസ് പിടികൂടിയത്. യുവാക്കളെ തട്ടികൊണ്ടു പോയകാർ ബുധനാഴ്ച രാവിലെ മീനങ്ങാടിയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾക്കായി പൊലീസ് വലവരിച്ചത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ മീനങ്ങാടി സ്‌റ്റേഷനുമുമ്പിലുടെ ദേശീയപാതയിലൂടെ കടന്നുപോയതോടെ പൊലീസ് പിന്തുടരുകയായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായത്തോടെ പ്രതികൾ അപ്പാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെ പേരാമ്പ്രയിൽ നിന്ന് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം തട്ടികൊണ്ടുപോയതെന്ന മേപ്പയാർ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിരവിൽപുഴയെത്തിയപ്പോൾ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് വണ്ടി നിർത്തിച്ചു.
തുടർന്ന് ബഹളമുണ്ടാക്കിയതോടെ ആളുകൾ കൂടി മെഹ്നാസിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിൽ എസ്.പി.ഒമാരായ ആർ. ഫിറോസ് ഖാൻ, എം.എസ്. സുമേഷ്, സി.പി.ഒമാരായ കെ. അഫ്സൽ, ഇ. ജെ. ഖാലിദ്, ശ്യാം കണ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.