കൽപ്പറ്റ: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂളിന് പിഴ. മാലിന്യ സംസ്‌കരണ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കൽപ്പറ്റ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് 5000 രൂപ പിഴ ചുമത്തിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടതായും മാലിന്യങ്ങൾ അശാസ്ത്രിയമായി കത്തിച്ചതായും കണ്ടെത്തി. 2023 കേരള പഞ്ചായത്തി രാജ് ഭേദഗതി ഓർഡിനൻസ്, ഖര മാലിന്യ ചട്ടം 2016 പ്രകാരമാണ് പിഴ ചുമത്തിയത്. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി തദ്ദേശഭരണ വകുപ്പ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമഭേദഗതി ഓർഡിനൻസ് അനുസരിച്ചാണ് ജില്ലയിൽ പരിശോധന ശക്തമാക്കുന്നത്.
മാലിന്യം തരംതിരിച്ച് കൈമാറാതിരിക്കൽ, യൂസർഫീ നൽകാത്തത്, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കൽ എന്നിവയ്ക്ക് 1000 രൂപ മുതൽ 10000 രൂപ വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങൾ, ജലാശയങ്ങളിലേക്ക് മലിന ജലം ഒഴുകിവിട്ടാൽ 5000 രൂപ മുതൽ 50000 രൂപ വരെയും പിഴ നൽകണം. കടകൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാൽ 5000 രൂപയും ജലാശയങ്ങളിൽ വിസർജ്ജന വസ്തുക്കൾ, മാലിന്യങ്ങൾ ഒഴുക്കിയാൽ 10000 രൂപ മുതൽ 50000 രൂപ വരെയും പിഴ ഈടാക്കും. എൻഫോഴ് സ്‌മെന്റ് ടീം ലീഡർ ഷൈനി ജോർജ്, എൻഫോഴ്സ്‌മെന്റ് ടീം അംഗങ്ങളായെ കെ.എ. തോമസ്, കെ.ബി. നിധി കൃഷ്ണ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ബിന്ദു മോൾ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജോബിച്ചൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.