
ആറ്റിങ്ങൽ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 50 പവനും നാലര ലക്ഷം രൂപയും കവർന്നു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിക്ക് സമീപം ഡിസംബർ ഡിലൈറ്റിൽ ഡെന്റൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അരുൺ കുടുംബവുമൊത്ത് രാവിലെ വർക്കലയിലേക്ക് പോയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തുമ്പോൾ മുൻവാതിലും അകത്തെ വാതിലുകളും തകർന്ന നിലയിലായിരുന്നു. മുറിക്കുള്ളിലെ സ്റ്റീൽ അലമാര കുത്തിത്തുറന്ന് ലോക്കർ തകർത്താണ് ബാങ്കിൽ നിന്നും ഗോൾഡ് ലോൺ ക്ലോസ് ചെയ്തശേഷം സൂക്ഷിച്ചിരുന്ന ഏകദേശം 50 പവനോളം സ്വർണാഭരണങ്ങളും ലോൺ അടയ്ക്കുന്നതിനായി കരുതിവച്ച നാലര ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നത്. എസ്.പി കിരൺ നാരായണൻ ഐ.പി.എസ് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ സി.സി.ടി.വി പരിശോധന നടന്നുവരികയാണ്.