pic1

നാഗർകോവിൽ: 'ഗോവിന്ദ ഗോപാല" എന്ന മന്ത്രം ഉരുവിട്ടു ചരിത്രപ്രധാനമായ ശിവാലയ ഓട്ടത്തിനു ഭക്തി നിർഭരമായി തുടക്കംകുറിച്ചു. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിലേക്കാണ് ഭക്ത‌ർ കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ ഭസ്മസഞ്ചിയും വിശറിയുമായി ശിവ ഭഗവാനെ ദർശിക്കാൻ ഓടിയെത്തുന്നത്.

ശൈവ - വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ആദ്യ ക്ഷേത്രമായ തിരുമല ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുതിറങ്ങി കാൽനടയായി 110 കിലോമീറ്റർ സഞ്ചരിച്ച് ബാക്കി 11 ക്ഷേത്രങ്ങളിൽ എത്തുന്നതായിരുന്നു പഴയ ആചാരം. എന്നാൽ ഇപ്പോൾ രാവിലെ മുതൽ ഭക്തർ എത്തുന്നുണ്ട്.

തിരുമല ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് മുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. ഇവിടെ നിന്ന് 12 കിലോമീറ്റർ മാറി താമ്രഭരണി നദീതീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുടർന്ന് തൃപ്പരപ്പ്,​ തിരുനന്ദിക്കര,​ പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്,​ തിരുവിടയ്ക്കോട്, തിരുവിതാംകോട്,​ തൃപ്പന്നിയോട് ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരുനട്ടാലം ക്ഷേത്രത്തിൽ തൊഴുത്തിറങ്ങിയാൽ ശിവാലയ ഓട്ടം പൂർത്തിയാകും.

ഘൃതധാരാ

ശിവരാത്രി ദിവസം നടത്താറുള്ള ഘൃതധാരാ ഇക്കുറി തിരുവിതാംകോട് ശിവക്ഷേത്രത്തിലാണ്. ശിവാലയ ഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ ഇന്ന് ജില്ലാ കളക്ടർ ശ്രീധർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.