 കുഴഞ്ഞു വീണത് ടെസ്റ്റിന് മകൾക്കൊപ്പമെത്തിയ അമ്മ

 മൂന്ന് മണിക്കൂറോളം ‌ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു

തിരുവനന്തപുരം: ഒരു ദിവസം 50 പേർക്ക് മാത്രമേ ഒരു കേന്ദ്രത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താവൂവെന്ന മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പുതിയ നിർദ്ദേശത്തിനെതിരായ പ്രതിഷേധം തലസ്ഥാനത്തും ശക്തം.

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ ഇന്നലെ മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു പ്രതിഷേധം. ബഹളത്തിനിടെ സ്ത്രീ കുഴഞ്ഞു വീണു. മുഖത്ത് പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം ടെസ്റ്റ് തടസപ്പെട്ടു.

രാവിലെ 8.30തോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സ്‌ക്കൂൾ ഉടമകൾക്കൊപ്പം ടെസ്റ്റിനെത്തിയവരും മുദ്രാവാക്യം വിളിച്ചും കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതിനിടെ ടെസ്റ്റിന് മകൾക്കൊപ്പം വന്ന ജഗതി സ്വദേശിയായ സലീന തലകറങ്ങി വീണു. ഗ്രൗണ്ടിൽ തലയിടിച്ച ഇവരുടെ മുഖത്ത് പരിക്കേറ്റു. ഭക്ഷണം കഴിക്കാതെയാണ് ഇരുവരും പുലർച്ചെ ടെസ്റ്റിന് എത്തിയത്. മകളും അവശതകൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 120പേരാണ് ഇന്നലെ ടെസ്റ്റിനെത്തിയത്. 50പേരെ മാത്രമായി ടെസ്റ്റ് ചെയ്യിപ്പിക്കേണ്ടെന്ന് ടെസ്റ്റിനെത്തിയവർ ഉറപ്പിച്ചുപറഞ്ഞു. മുൻകൂട്ടി സ്ലോട്ട് എടുത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നെത്തിയവരായിരുന്നു കൂടുതലും. ലേണേഴ്സിന്റെ കാലാവധി തീരാറായവരും കൂട്ടത്തിലുണ്ടായിരുന്നു. മുമ്പ് സ്ലോട്ട് എടുത്ത് കിട്ടാത്തവരും കോളേജിൽ നിന്ന് ലീവ് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. പഠിക്കുമ്പോഴോ ലേണേഴ്സ് എടുത്തപ്പോഴോ പുതിയ നിർദ്ദേശം നൽകാത്തത് എന്താണെന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. പ്രതിഷേധത്തിനൊടുവിൽ ഇന്നലെ എത്തിയ എല്ലാവരെയും ടെസ്റ്റിൽ പങ്കെടുപ്പിച്ചു.