ആറ്റിങ്ങൽ: വലിയ കുന്നിൽ ഡോ:അരുൺ ശ്രീനിവാസൻ്റെ വീട്ടിൽ നിന്നും 50 പവനും നാലര ലക്ഷം രൂപയും മോഷണം പോയത് ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാധമിക വിലയിരുത്തൽ. അരുൺ ശ്രീനിവാസൻ്റെ യാത്ര അറിയാവുന്നവർ ഈ സംഘത്തിൽ ഉൾപ്പെട്ടതായാണ് നിഗമനം. വീടിന് പിന്നിലേക്കുള്ള ഉപ റോഡ് വഴി സമീപത്തെ മാടൻ നടവരെ പൊലീസ് നായ പോയതും ഇതിന് തെളിവാണു. സംഭവ ദിവസം മോഷണം നടക്കുന്ന സമയത്ത് പ്രധാന റോഡിൻ്റെയും, സൈഡ് റോഡിൻ്റെയും ഗേറ്റ്കൾക്ക് മുമ്പിൽ പരിസരവാസികളെയും യാത്രക്കാരെയും നിരീക്ഷിക്കാൻ മോഷണ സംഘത്തിലെ അംഗങ്ങൾ കാവൽ നിന്നതായും വിലയിരുത്തുന്നു. മോഷണ വിവരം പൊലിസിനെ അറിയിച്ച ശേഷം പൊലീസ് ഒറ്റയ്ക്കും തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സൈൻ്റിഫിക്ക് എക്സ്പേർട്ട്സ് പൊലീസ് എന്നിവരുടെ കൂട്ടായ നിരീക്ഷണം മോഷണം സംബന്ധിച്ച് ചില തുമ്പുകളും, സൂചനകളും കണ്ടെത്തിട്ടുണ്ട്. മോഷണം നടന്ന വീടിന് മുന്നിലെ സമീപ വീടുകളിലെയും, സൈഡ് റോഡ് കളിലെ വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി വലയും പൊലീസ് വിരിച്ചു കഴിഞ്ഞു. പ്രതികളെ ഉടനെ പിടികൂടാമെന്ന പ്രതീക്ഷയും പൊലീസ് പങ്ക് വെയ്ക്കുന്നു. മോഷണ ദിവസത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണവും പരിശോധിച്ചു വരികയാണിപ്പോൾ.