
പാങ്ങോട്: വീടിനുള്ളിൽ ഗ്യാസ് തുറന്നുവിട്ട് തീയിട്ട ശേഷം കെട്ടിട നിർമ്മാണ തൊഴിലാളി തൂങ്ങി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് പാലക്കുന്നിൽ വീട്ടിൽ നാസറുദ്ദീൻ(52) ആണ് മരിച്ചത്. ടൈൽസ് ജോലിക്കാരനാണ്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ ഒരു മാസമായി ബന്ധുവീട്ടിലാണ് താമസം. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിനുള്ളിൽ നിന്നു സ്ഫോടന ശബ്ദം കേൾക്കുകയും കടുത്ത പുക ഉയരുകയും ചെയ്തതോടെയാണ് സമീപ വാസികൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ എത്തുമ്പോൾ വീട്ടിനുള്ളിലുണ്ടായിരുന്ന സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിലും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബർ പുരയിടത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗ്യാസ് തുറന്നു വിട്ടതിനുശേഷം തീ കത്തിച്ചതാണെന്നാണ് നിഗമനം . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: സീനത്ത് ബീവി. മക്കൾ: അൽ അമീൻ,അൽത്താഫ്.