
തിരുവനന്തപുരം: നിയമനത്തിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് കാലിക്കറ്റ് വി.സി ഡോ.എം.ജെ. ജയരാജ്, സംസ്കൃത വി.സി ഡോ.എം.വി.നാരായണൻ എന്നിവരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. ഇരുവരുടെയും നിയമനങ്ങൾ തുടക്കം മുതൽ അസാധുവാക്കി. ഹൈക്കോടതി ഉത്തരവുപ്രകാരം ഇവർക്ക് അപ്പീൽ നൽകാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. അതിനാൽ ചുമതല ആർക്കും കൈമാറിയിട്ടില്ല.
യു.ജി.സിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് എന്നിവരെയും പുറത്താക്കും. ഇവർക്കെതിരെ നടപടിക്ക് ഒരുമാസത്തെ സാവകാശം ഹൈക്കോടതിയിൽ ഗവർണർ ആവശ്യപ്പെടും.
2022 ഒക്ടോബർ 21ന് സാങ്കേതിക യൂണി. വി.സിയായിരുന്ന എം.എസ്.രാജശ്രീയെ നിയമനത്തിലെ ക്രമക്കേട് കണ്ടെത്തി സുപ്രീംകോടതി പുറത്താക്കിയിരുന്നു. തുടർന്ന് സമാനമായി നിയമനം നേടിയ 11 വി.സിമാരെ പുറത്താക്കാൻ 2022ഒക്ടോബർ 24ന് ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വി.സിമാരുടെ ഹർജിയിൽ, അവരെ കേട്ടശേഷം ഗവർണർ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ജനുവരി 25ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് രണ്ടുവട്ടം ഹിയറിംഗ് നടത്തിയശേഷമാണ് പുറത്താക്കിയത്.
ഓപ്പൺ യൂണി. വി.സി മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല. പ്രൊഫസറായി 10വർഷത്തെ പരിചയമില്ലാത്ത പാഷയെ യു.ജി.സി പ്രതിനിധിയുൾപ്പെട്ട കമ്മിറ്റിയില്ലാതെ നിയമിച്ചതിനാൽ അത് അസാധുവാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച കേരള, എം.ജി, കുസാറ്റ്, കാർഷിക, മലയാളം വി.സിമാർ വിരമിച്ചു. കണ്ണൂർ, ഫിഷറീസ് വി.സിമാരെ കോടതി പുറത്താക്കി.
പുറത്താക്കാൻ കാരണം
1.കാലിക്കറ്റ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി അംഗമായി. സർക്കാരുമായി ബന്ധമുള്ളവർ കമ്മിറ്റിയിൽ പാടില്ലെന്ന് യു.ജി.സി ചട്ടം
2.സംസ്കൃത വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി പാനലിനു പകരം ഒറ്റപ്പേര് നൽകി. മൂന്നുവരെ പേരുകളുള്ള പാനലിൽ നിന്നാവണം നിയമനമെന്നാണ് യു.ജി.സി ചട്ടം
ഓപ്പൺ, ഡിജിറ്റൽ
വി.സി കുരുക്ക്
ഓപ്പൺ, ഡിജിറ്റൽ വി.സിമാരെ, ആദ്യ വി.സിമാരെന്ന നിലയിൽ സർക്കാർ നിയമിച്ചതാണ്. ആദ്യ വി.സിയെ സർക്കാരിന് നിയമിക്കാമെങ്കിലും അത് വാഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം നേടുന്നത് വരെയായിരിക്കണം. ശേഷം ചാൻസലർ സെർച്ച്കമ്മിറ്റിയുണ്ടാക്കി പുതിയ വി.സിയെ നിയമിക്കണം
ആദ്യ വി.സി യോഗ്യനാണെങ്കിൽ പുനർനിയമനമാകാം. പക്ഷേ രണ്ടിടത്തും യു.ജി.സി അംഗീകാരം കിട്ടിയശേഷവും സർക്കാർ നിയമിച്ചവർ തുടരുന്നു. ഇക്കാര്യം യു.ജി.സി രേഖാമൂലം അറിയിച്ചാലുടൻ നടപടിയുണ്ടാകും.
വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട്
എം.എച്ച് വിഷ്ണു
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം കവരാൻ കൊണ്ടുവന്ന ബില്ലുകൾ രാഷ്ട്രപതി നിരാകരിച്ചതോടെ വാഴ്സിറ്റികളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുനീങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിൽ അപാകത കണ്ടെത്തിയ രണ്ട് വി.സിമാരെ പുറത്താക്കി. രണ്ടുപേരെക്കൂടി പുറത്താക്കാനൊരുങ്ങുന്നു.
സർവകലാശാലകളിലെ വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കി സ്വന്തംനിലയിൽ നടപടികളും തുടങ്ങുന്നു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെതുടർന്ന് വെറ്ററിനറി വി.സിയെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തു. ഗവർണറുടെ ചാൻസലർ പദവി ഉറപ്പാക്കാനും യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും അസാധുവാക്കാനും കേന്ദ്രനിയമഭേദഗതി ഉടൻ വരുന്നതോടെ ഗവർണർ കൂടുതൽ ശക്തനാവും. പുതിയ വി.സിമാരെ നിയമിക്കുമ്പോൾ സർക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ ഗവർണർ സ്വന്തംനിലയിൽ തീരുമാനമെടുക്കും. സെർച്ച്കമ്മിറ്റിയിൽ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധിയുള്ളതിനാൽ തനിക്ക് താത്പര്യമുള്ളവരെ വി.സിയാക്കാനും ഗവർണർക്കാവും.