
കോവളം : ഏക മകളുടെ വിവാഹത്തിന് രണ്ട് മാസം മാത്രം ശേഷിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം പാച്ചല്ലൂർ കൊല്ലന്തറയിൽ ഓട്ടോ ഡ്രൈവറായ രാജശേഖരന്റെ ( ഷാജി ) ഭാര്യ ശോഭന (49 ,സുമ ) ആണ് വീട്ടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചത്. ബുധനാഴ്ച വീക്കിലി ഓഫായതിനാൽ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി പുറത്ത് പോയിരുന്നു. രാത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ തലക്കറക്കം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. തളർന്ന് വീണ ശോഭനയെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് വൈകിട്ട് മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിച്ചു. കാവ്യയാണ് മകൾ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 ന്.