കാലം മാറി, കണക്കുകൂട്ടലുകളും മാറും. 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിൻബലത്തിൽ യു.ഡി.എഫ് ഊറ്റം കൊള്ളേണ്ടതില്ലെന്നാണ് ജില്ലയിലെ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലെയും എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാറിന്റെ പക്ഷം. 2019-ൽ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫാണ് വിജയിച്ചത്. അതുകഴിഞ്ഞ് കഷ്ടിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമോ, ജില്ലയിൽ ഒറ്റ നിയമസഭാ സീറ്റിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്.
?തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എന്താണ് പ്രചാരണത്തിന് മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ.
 ദേശീയ രാഷ്ട്രീയം നിശ്ചയമായും പരാമർശിക്കേണ്ടിവരും. കേന്ദ്രത്തെയും അവരുടെ രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ കൃത്യമായ ബദലാണ് ഇടതുസർക്കാർ. ഇക്കാരണത്താലാണ് സംസ്ഥാന സർക്കാരിനെ കേന്ദ്രവും അവരുടെ രാഷ്ട്രീയവും കടന്നാക്രമിക്കുന്നത്. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്നത് എൽ.ഡി.എഫാണ്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള തുടർച്ചയായ കൊഴിഞ്ഞുപോക്ക് കേരളത്തിലും ആരംഭിച്ചിട്ടുണ്ടല്ലോ. പ്രഗത്ഭരായ രണ്ട് സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
? നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ
വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണം തന്നെയാണ് പ്രധാനം. സംസ്ഥാന വികസനത്തിന്റെ ഗേറ്റ് വേ ആയി വിഴിഞ്ഞം മാറും.ഐ.ടി ഹബ്ബാക്കി തലസ്ഥാന ജില്ലയെ മാറ്റേണ്ടതുണ്ട്. ടെക്നോ പാർക്കിന്റെ തുടർച്ചയായി ഈ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ വരണം. വിഴിഞ്ഞം പദ്ധതി പൂട്ടിക്കെട്ടിക്കാൻ ശ്രമം നടത്തിയത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. സമരകോലാഹലങ്ങൾ നടന്നപ്പോൾ ശശിതരൂർ എം.പിയുടെ നിലപാട് എന്തായിരുന്നു.
?എന്തുകൊണ്ട് എൽ.ഡി.എഫ് വരണം
 തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ അക്കമിട്ടാണ് ഇടതുസർക്കാർ നടപ്പാക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ 1600-ൽ നിന്ന് 2500 ആക്കി ഉയർത്തണമെന്നതാണ് ആഗ്രഹം. പക്ഷേ, അർഹതപ്പെട്ട വിഹിതം പോലും നൽകാതെ കേന്ദ്രം സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്നു. കേരളത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്നതിന് തെളിവാണല്ലോ സുപ്രീംകോടതിയുടെ ഇടപെടൽ.