ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന സാഹചര്യത്തിൽ ട്രാഫിക്ക് പൊലീസിനെയും നിയോഗിച്ചു
തിരുവനന്തപുരം:സ്മാർട്ട് സിറ്റിയുടെ ഭാഗമായി വഴുതക്കാട് ജംഗ്ഷനിൽ സർവീസ് ഡക്ടറ്റ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ജോലികൾ ഇന്ന് ആരംഭിക്കും.രാത്രി 8നാണ് ജോലികൾ ആരംഭിക്കുന്നത്.ഇതിന് മുന്നോടിയായി 8ന് ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാട് ജംഗ്ഷനിലേയ്ക്കുള്ള ഗതാഗതം നിരോധിക്കും.രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിനം കണക്കിലെടുത്താണ് ജോലികൾ ഇന്നുതന്നെ ആരംഭിക്കുന്നത്.തിരക്ക് കുറവാണെന്ന അധികൃതരുടെ വിലയിരുത്തലുണ്ടെങ്കിലും വഴുതക്കാട് ജംഗ്ഷനിൽ ഗതാഗതക്കുരുക്കുണ്ടാകും.
പാളയത്ത് നിന്നും തൈക്കാട്,ജഗതി,വെള്ളയമ്പലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നിരവധിയാണ്.അവധി ദിനമാണെങ്കിലും തിരക്ക് കൂടുതലായിരിക്കും.കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.തിരക്ക് നിയന്ത്രിക്കാൻ സിറ്റി ട്രാഫിക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ
പൂർത്തിയാകും
സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്ടറ്റ് നിർമ്മിക്കാനാണ് വഴുതക്കാട് ജംഗ്ഷനിൽ വലിയ കുഴിയെടുക്കുന്നത്.ഡക്ടറിനുള്ളിൽ കൂടി ഇലക്ട്രിക്ക് ലൈനുകളും വെള്ളത്തിന്റെ പൈപ്പുകളുമിടും.തുടർന്ന് റോഡ് ബി.എം.സി നിലവാരത്തിൽ ടാറിടും.ഡക്ടറ്റിന്റെ ജോലികൾ ഞായറാഴ്ച രാത്രി 10ന് പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് ഗതാഗതത്തിനായി തുറന്ന് നൽകും.
ചാലയിലെ മൂന്ന് റോഡുകളുടെ
ജോലി ഉടൻ ആരംഭിക്കും
സ്മാർട്ട് റോഡാക്കുന്ന ചാലയിലെ മൂന്ന് റോഡുകളുടെ ജോലി ഉടൻ ആരംഭിക്കും.ഇതിന്റെ ടെൻഡർ നടപടികളെല്ലാം പൂർത്തിയായി.നിലവിൽ 9 റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.ഇത് ഏപ്രിലോടെ പൂർത്തിയാകും.40 റോഡുകളിൽ 28 റോഡുകൾ ആധുനിക രീതിയിൽ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.