
നെടുമങ്ങാട്: അഞ്ചാം വയസിൽ പോളിയോ പിടിപെട്ട് അരയ്ക്കുതാഴെ തളർന്നു, ഇഴഞ്ഞുനീങ്ങിയും ഇരുന്നു നിരങ്ങിയുമായി അര നൂറ്റാണ്ടു കാലത്തെ ദുരിത ജീവിതം. കുഞ്ഞുന്നാളിലേ അച്ഛൻ മരിച്ചു. പിന്നാലെ അമ്മയും കൂടെപ്പിറപ്പുകളും ഭർത്താവും. ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന പൊന്നുമോൾ സൂര്യഗായത്രി കൺമുന്നിൽ വച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ടു. രണ്ടു വർഷത്തെ നിയമപോരാട്ടം. 24 വർഷം തടവും ആറു ലക്ഷം രൂപ പിഴയും പ്രതിക്ക് നീതിപീഠം വിധിച്ചെങ്കിലും മാപ്പരുളാൻ ഈയമ്മ തയാറല്ല. നിരത്തുകളിൽ ഇഴഞ്ഞുനീങ്ങി ലോട്ടറി വിറ്റു കിട്ടുന്ന ചില്ലറ സ്വരുക്കൂട്ടുകയാണ്, വീണ്ടുമൊരു നിയമ പോരാട്ടത്തിന്. ഒറ്റപ്പെടലിനും കണ്ണീരിനും അപ്പുറം പെണ്ണിന്റെ ചെറുത്തുനില്പിന്റെ ഉശിരേറിയ മാതൃകയാണ് നെടുമങ്ങാട് നഗരസഭയുടെ കാരുണ്യത്താൽ ഉളിയൂരിലെ വാടക വീട്ടിൽ കഴിയുന്ന വത്സല എന്ന 57കാരി. ''മോളുടെ ആയുസിന്റെ വിലയാണ് ആ പണം. കേറിക്കിടക്കാൻ സ്വന്തമായി ഇടമില്ലെങ്കിലും പട്ടിണിയും പരിവട്ടവുമാണെങ്കിലും അത് ഞാൻ വാങ്ങില്ല സാറെ, കോടതിയിൽ അപ്പീല് പോകും. ആ കൊടുംക്രൂരനെ മരണം വരെ ജയിലിൽ ഇടണം. പച്ചച്ചോര കണ്ട് അറപ്പു തീർന്നവനാണ്. നാളെ മറ്റൊരു പെൺകുട്ടിക്ക് കൂടി എന്റെ മോളുടെ ഗതി വന്നുകൂടാ..""- വത്സലയുടെ നിശ്ചയദാർഢ്യത്തിന്റെ ഉറപ്പാർന്ന വാക്കുകൾ.
**വിധി ഒരുക്കിയ കെണി !
കഴിഞ്ഞ ഓഗസ്റ്റ് 30 ന് വത്സലയുടെ മകൾ അച്ചു എന്ന് വിളിക്കുന്ന സൂര്യഗായത്രി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം പൂർത്തിയായി. ഓല മെടഞ്ഞും ഹോട്ടലുകളിൽ പാത്രം കഴുകിയും തറ തുടച്ചും കാലിവളർത്തുകാർക്ക് പുല്ല് ചെത്തിയും അന്നത്തിന് വക കണ്ടെത്താൻ വത്സല ഇഴയുമ്പോൾ, മാറോടു പറ്റിച്ചേർന്ന് മരണം വരെ അമ്മയ്ക്ക് കാവലായ പൊന്നുമോൾ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരപകടത്തിൽപ്പെട്ട മകളും സ്വന്തമായുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും വിറ്റ് ചികിത്സിച്ചാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. പ്ലസ്ടു വരെ അവൾ പഠിച്ചു, ഒരു ക്ലാസിലും തോൽക്കാതെ. എട്ടിൽ പഠിക്കുമ്പോൾ അവൾ അമ്മയെക്കൂട്ടി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിൽക്കണ്ടു, ലോട്ടറി വിൽക്കാൻ ട്രൈ സ്‌കൂട്ടർ വേണം. അതാണ് ആവശ്യം. അങ്ങനെ ലഭിച്ച സ്‌കൂട്ടറിൽ അമ്മയെയും ഇരുത്തി അവൾ പറന്നുനടന്നു. അത്തരമൊരു യാത്രയിലാണ് വിധി വില്ലനായത്. നിരവധി കേസുകളിൽ അകപ്പെട്ട പേയാട് സ്വദേശിയായ യുവാവ്, സ്‌കൂട്ടർ തടഞ്ഞ് മർദ്ദിച്ച് അവളുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു. പൊലീസിൽ പരാതിപ്പെട്ടതിന്റെ പക തീർത്തത് മൂന്ന് വർഷം പിന്നിട്ട് കൊവിഡു കാലത്തെ ഒരു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ.
 അവസാന ശ്വാസത്തിലും അമ്മ മാത്രം
വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് അച്ചുവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും മാറിമാറി കുത്തിവീഴ്ത്തി. എന്നിട്ടും പകയൊടുങ്ങാതെ വത്സലയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു. ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് നാട്ടുകാർ കൊണ്ടുപോകുമ്പോൾ അവസാനമായി അവൾ പങ്കുവച്ചത് ''അമ്മയ്ക്ക് ഇനി ആരുമില്ല"" എന്ന സങ്കടമായിരുന്നു.