തിരുവനന്തപുരം: കലയുടെയും സൗഹൃദ​ത്തിന്റെയും ആഘോഷത്തിന്റെയും അഞ്ചുനാൾ നീണ്ടുനിൽക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് തലസ്ഥാനത്ത് പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ മന്ത്രി വി.ശിവൻകുട്ടി കലോത്സവം ഉദ്ഘാടനം ചെയ്തു.നടി നവ്യ നായർ മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി.കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ,​ ജില്ലാപഞ്ചായത്ത് പ്രസി‌ഡന്റ് ഡി.സുരേഷ് കുമാർ,​സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജി.മുരളീധരൻ,​ ആർ.രാജേഷ്,​ ഡോ.ജെ.എസ്.ഷിജു ഖാൻ,​ പ്രൊഫ.പി.എം.രാധാമണി,​ ഡോ.കെ.ജി.ഗോപചന്ദ്ര,​ ഡോ.എസ്.ജയൻ,​ സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ,​ ഡയറക്ടർ ഒഫ് സ്റ്റുഡന്റ്സ് സർവീസ് ഡോ.ആർ.സിദ്ദിഖ്,​ സ്വാഗതസംഘം ജനറൽ എസ്.കെ.ആദർശ് തുടങ്ങിയവർ സംസാരിച്ചു.

11 വരെ നടക്കുന്ന യുവജനോത്സവത്തിൽ 102 ഇനങ്ങളിൽ എട്ട് വേദികളിലായി 250 കോളേജുകളിൽനിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.സർവകലാശാല സെനറ്റ് ഹാളാണ് പ്രധാന വേദി. വഴുതക്കാട് ​ഗവ.വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയം, ​ഗവ. സംസ്കൃത കോളേജ്, ​ഗവ. മ്യൂസിക് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് കെമിസ്ട്രി വകുപ്പ്, പി.എം.ജി സ്റ്റുഡന്റ് സെന്റർ എന്നിവിടങ്ങളാണ് വേദികൾ.ഇന്നലെ തിരുവാതിര, മോഹിനിയാട്ടം,​ വഞ്ചിപ്പാട്ട്,​ കഥകളി,​ ഗസൽ മത്സരങ്ങളാണ് നടന്നത്.

 രാഷട്രീയം പറയരുതെന്ന് പറയാൻ ആർക്കാണ് അവകാശം: മന്ത്രി ശിവൻകുട്ടി

കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന് പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ ഉദ്ഘാടന വേദിയിൽ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. ഇന്ത്യയിൽ രാഷ്ട്രീയം പറയരുതെന്ന് പറയാൻ ആർക്കാണ് അധികാരമെന്നും ജനാധിപത്യത്തിൽ എല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കലോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.സി ഇതിന് മറുപടി പറഞ്ഞില്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴുള്ള ഉത്തേജനം നല്ല കലയിലൂടെ ലഭിക്കുമെന്നും അതിനുള്ള അവസരമാണ് യുവജനോത്സവമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്.

 കലാലയങ്ങളിൽ ജീവനുകൾ നഷ്ടമാകുന്നു: നവ്യ നായർ

കലാലയങ്ങളിൽ ഒരുപാട് ജീവനുകൾ നഷ്ടമാകുന്നുവെന്ന് ഒരു രാഷ്ട്രീയവുമില്ലാതെ അമ്മ എന്ന നിലയിൽ തനിക്ക് പറയാനാകുമെന്ന് നടി നവ്യ നായർ പറഞ്ഞു. കേരളത്തിലെ കാര്യം ഇവിടെയല്ലാതെ എവിടെയാണ് പറയുകയെന്നും കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നവ്യ ചോദിച്ചു. കലാലയ രാഷ്ട്രീയം വേണ്ടെന്നല്ല പറയുന്നത്. എനിക്ക് കലാലയ ജീവിതം ഉണ്ടായിട്ടില്ല. 15ാം വയസിൽ സിനിമയിലെത്തിയതാണ്. അഭിനയം കാരണം കറസ്പോണ്ടൻസായി കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഞാൻ ഇംഗ്ളീഷ് ബിരുദം പൂർത്തിയാക്കിയത്. ഒരാളുടെ ജീവിതത്തിലെ സുവർണ കാലമാണ് കോളേജ് ലൈഫ്. ഇത് അടിച്ചുപൊളിക്കേണ്ട കാലമാണ്. വലിയ നിലയിലെത്തിയെങ്കിലും നല്ല മനുഷ്യരായി നിങ്ങൾ കലാലയങ്ങളിൽ നിന്ന് പറന്നയുരണം.സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർത്ഥികളെ മാനസികമായി സ്വാധീനിക്കും.കഞ്ചാവിനും മയക്കുമരുന്നിനും അടിപ്പെട്ടുപോകുമ്പോൾ നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണെന്നും അതിനാൽ സ്വയം സ്നേഹിക്കാൻ പഠിക്കുകയാണ് വേണ്ടതെന്നും നവ്യ ചൂണ്ടിക്കാട്ടി.

മന്ത്രി വി.ശിവൻകുട്ടി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങവെ വേദിയിലേക്ക് നവ്യ ഓടിയെത്തുകയായിരുന്നു. ഒരു പരിപാടിക്കും വൈകിയെത്തുന്നത് ജാഡയായി കണക്കാക്കുന്നില്ലെന്ന് നവ്യ പറഞ്ഞു.സെലിബ്രിറ്റികൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ പണം വാങ്ങരുതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതിനോട്,​താൻ ഒരു പൈസയും വാങ്ങാതെയാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും വന്നവഴി മറക്കില്ലെന്നും നവ്യ പറഞ്ഞു.