തിരുവനന്തപുരം:പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടത്താൻ തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്‌ജി കെ.പി. അനിൽകുമാർ വിധിച്ചു. 2017-ൽ അധികാരത്തിലേറിയ പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റിന്റെ ഭരണസമിതി കാലാവധി പൂർത്തിയാക്കിയതിനു ശേഷവും തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതി അഡ്വ. അബ്‌ദുൾ സമദിനെ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. 2013-2017 കാലഘട്ടത്തിൽ അധികാരത്തിലിരുന്ന ഭരണസമിതി പുതുതായി ചേർത്ത 862 അംഗങ്ങളുടെ നിയമസാധുതയെക്കുറിച്ച് ഉടലെടുത്ത തർക്കം സുപ്രീംകോടതി വരെ നീണ്ടുപോയി. സുപ്രീംകോടതി ഈ അംഗത്വങ്ങളുടെ നിയമസാധുത പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ തിരുവനന്തപുരം അഡിഷണൽ ജില്ലാ കോടതിയെ ചുമതലപ്പെടുത്തി.ഇതനുസരിച്ച് സുദീർഘമായ വിചാരണയ്ക്കുശേഷം 862 പുതിയ അംഗങ്ങളുടെയും സാധുത ശരിവച്ച് പുതിയ അംഗങ്ങൾക്കെല്ലാം ഒരു മാസത്തിനകം മെമ്പർഷിപ് കാർഡ് നൽകണമെന്നും പുതുക്കിയ വോട്ടർ പട്ടിക പ്രകാരം ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു മാസത്തിനകം നടത്താനും അഡ്‌മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.
പുതിയ അംഗത്വം നൽകിയ 2013-2017 കാലഘട്ടത്തിലെ ഭാരവാഹികൾക്കുവേണ്ടി അഡ്വ.പി.എ അഹമ്മദ്,അഡ്വ.എസ് സുധീപ് എന്നിവരും പുതിയ അംഗങ്ങളായ ഹർജിക്കാർക്കുവേണ്ടി അഡ്വ.സി.ജയചന്ദ്രൻ, അഡ്വ.ആർ.വിദ്യാചന്ദ്രൻ, എന്നിവരും ഹാജരായി.