തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന വിളംബര ഘോഷയാത്രയിൽ നിറഞ്ഞുനിന്നത് കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ.കറുപ്പണിഞ്ഞ് പാലസ്തീൻ ജനതയ്ക്ക് ഐകൃദാർഡ്യം പ്രഖ്യാപിച്ച് അടിച്ചമർത്തപ്പെട്ടവരെ പ്രതീകാത്മകമായി ചേർത്തുപിടിച്ചാണ് ഘോഷയാത്രയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്.ഭരണഘടനയ്ക്ക് മേൽ മനുസ്മൃതിയെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചത് 'മാനിഷാദ ... ഭരണഘടനയോടരുത് ... മനുഷ്യനോടരുത് ...' എന്ന മുദ്രാവാക്യവുമായി ഭരണഘടനയെയും ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറെയും അവതരിപ്പിച്ചായിരുന്നു.
കലാകാരന്മാരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്ന,അവരെ തെരുവോരങ്ങളിൽ അപമാനിതരാക്കുന്ന സംഘപരിവാർ ശക്തികളെ ഘോഷയാത്ര കണക്കിന് വിമർശിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി കലാകാരന്‍മാരെയും കായികതാരങ്ങളെയും വരിഞ്ഞുമുറുക്കി,കെട്ടിവലിക്കുന്ന കാഴ്ചയും എത്ര ശ്രമിച്ചാലും ചരിത്രത്തെ മായ്ക്കാനാകില്ല എന്നുറക്കെ പ്രഖ്യാപിച്ച് ബാബറി മസ്ജിദും ഭരണാധികാരിയുടെ ക്രൂരതകൾ ലോകം മറക്കില്ലെന്ന് ഓർമ്മിപ്പിച്ച് ഹിറ്റ്ലറിന്റെ കോലവും ഘോഷയാത്രയിലെ വേറിട്ട കാഴ്ചകളായി.നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന മുദ്രാവാക്യവുമായി ബിൽക്കിസ് ബാനുവിന് വിദ്യാർത്ഥികൾ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വിദേശവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പാലസ്തീന് ഐകൃദാർഡ്യം പ്രഖ്യാപിച്ചാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.യൂണിവേഴ്സിറ്റി കോളജിൽ നിന്നാരംഭിച്ച വിളംബരജാഥ സെക്രട്ടേറിയറ്റ് ചുറ്റി സെനറ്റ് ഹാളിന് മുമ്പിൽ സമാപിച്ചു.