
കല്ലമ്പലം: പ്ലാറ്റിനം ജൂബിലി നിറവിൽ ഒറ്റൂർ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല. കേരളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. ഇരട്ടി മധുരവുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കംകുറിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ് പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിലുള്ള വർക്കല താലൂക്കിലെ ഏക എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയെയാണ് തിരഞ്ഞെടുത്തത്. അവാർഡ് വിവരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ആണ് പ്രഖ്യാപിച്ചത്. അരലക്ഷം രൂപയും വെങ്കലശില്പവും പ്രശംസപത്രവും അടങ്ങുന്നതാണ് ഇ.എം.എസ് പുരസ്ക്കാരം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ആരംഭിച്ച ഈ ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ ബാലവേദിയും വനിതാവേദിയും യുവവേദിയും വയോജനവേദിയും ഒപ്പമുണ്ട്. പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങളുടെ അമൂല്യ ശേഖരം, ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. ഗ്രന്ഥശാലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തു മാസികയിലൂടെ പതിനഞ്ചോളം നവസാഹിത്യ പ്രതിഭകളെ മലയാള സാഹിത്യ ലോകത്തിന് ഇതിനകം തന്നെ സംഭാവന ചെയ്തിട്ടുണ്ട്.
കനക ജൂബിലി സ്മാരകമായി നിർമ്മിച്ച 3 നില മന്ദിരത്തിൽ വായനാമുറി, ലൈബ്രറി, മിനി സെമിനാർ ഹാൾ, കമ്പ്യൂട്ടർലാബ്, റഫറൻസ് റൂം, റിക്രിയേഷൻ ക്ലബ് ഹാൾ എന്നിവയും പ്രവർത്തിക്കുന്നു. ഒരു പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും ഉന്നമനത്തിലും, കലാ കായിക - സാഹിത്യ വളർച്ചയിലും ഗ്രന്ഥശാലയ്ക്ക് നിരവധി മാതൃകാ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.
2000 - 2001 വർഷത്തിൽ കനക ജൂബിലിയും 2010 - 2011 വർഷത്തിൽ വജ്രജൂബിലിയും ആഘോഷിച്ചു. രാമൻകുട്ടി ആശാനായിരുന്നു സ്ഥാപക പ്രസിഡന്റ്. ഇപ്പോൾ എം. രവീന്ദ്രൻ പ്രസിഡന്റാണ്. കഴിഞ്ഞ 25 വർഷമായി വി. ശ്രീനാഥക്കുറുപ്പാണ് സെക്രട്ടറി. ആനിപവിത്രൻ, കാവ്യ ഉണ്ണി എന്നിവർ ലൈബ്രേറിയന്മാരായി സേവനം അനുഷ്ഠിക്കുന്നു.
പുരസ്കാരങ്ങൾ ഏറെ
ചിറയിൻകീഴ് താലൂക്കിലെയും വർക്കല താലൂക്കിലെയും മികച്ച ഗ്രന്ഥശാലക്കുള്ള ഗ്രന്ഥശാല പുരസ്ക്കാരങ്ങൾ, മത മൈത്രി പുരസ്ക്കാരം, ഗ്രാമകീർത്തി പുരസ്കാരം, ഗ്രന്ഥശ്രേഷ്ഠ പുരസ്ക്കാരം, എന്നിവയെല്ലാം ഗ്രന്ഥശാലയ്ക്ക് മുൻവർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. 2023 ലെ ഒറ്റൂർ പഞ്ചായത്ത് തലത്തിലും വർക്കല ബ്ലോക്ക് തലത്തിലും നടത്തിയ കേരളോത്സവങ്ങളിൽ ഗ്രന്ഥ ശാല യുവവേദി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് നേട്ടങ്ങളുടെ മറ്റൊരു പൊൻതൂവലാണ്.