1

പൂവാർ: തീരദേശ മേഖലയിലെ പഴക്കമേറിയ മാർക്കറ്റുകളിലൊന്നായ കാഞ്ഞിരംകുളം മാർക്കറ്റിന്റെ നവീകരണം വൈകരുതെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു. മാർക്കറ്റിന് മേൽക്കൂര വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാർക്കറ്റിനുള്ളിൽ മത്സ്യത്തിന്റെയും മാംസത്തിന്റെയും ദുർഗന്ധമാണ്. അഴുക്കുചാലുകൾക്ക് മൂടിയില്ല. സുരക്ഷിതമായ മാലിന്യ സംസ്കരണമില്ല, വലിയ കെട്ടിടങ്ങൾക്കു നടുവിൽ ശുദ്ധവായുവോ ആവശ്യത്തിന് വെളിച്ചമോ കയറാത്ത ഇടുങ്ങിയ സ്ഥലത്താണ് കച്ചവടക്കാർ പൊക്കത്തിൽ വലിച്ചുകെട്ടിയ ടാർപ്പോളിനുകൾക്കു കീഴിലായി കച്ചവടം നടത്തുന്നത്. സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തുന്നവർക്ക് നിന്നു തിരിയാനും ഇവിടെ ഇടമില്ല. ഇതാണ് കാഞ്ഞിരംകുളം പൊതു മാർക്കറ്റിന്റെ അവസ്ഥ. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ടാക്സ് ഉൾപ്പെടെ 12 ലക്ഷത്തോളം രൂപയ്ക്കാണ് മാർക്കറ്റ് ലേലം നടന്നിരുന്നത്. ലേല നടപടികളോടൊപ്പം പിരിവിന്റെ മാനദണ്ഡങ്ങളും കരാറുകാരന് നൽകാറുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തി തോന്നിയപോലെ പിരിവ് നടത്തുന്നുവെന്ന ആക്ഷേപവും ഇപ്പോൾ ഉയരുകയാണ്. ഗേറ്റ് പിരിവിന് രസീത് നൽകണം, ഓരോ ഇനത്തിന്റെയും റേറ്റ് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണം. മാർക്കറ്റ് ദിവസവും വൃത്തിയാക്കണം. കുടിവെള്ളം ലഭ്യമാക്കണം, പൊളിഞ്ഞു പോയ ടോയ്‌ലെറ്റ് പുനർ നിർമ്മിക്കണം, അഴുക്കുചാലുകൾക്ക് മൂടി ഇടണം, വെയിലും മഴയും കൊള്ളാതിരിക്കാൻ മേൽക്കൂര നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങൾ പരിഹരിച്ചുകൊണ്ട് മാർക്കറ്റ് എത്രയുംവേഗം നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 പഴക്കമേറെയുണ്ട്

നിത്യസഹായ മാതാ ദേവാലയം പഞ്ചായത്തിന് സൗജന്യമായി നൽകിയ ഒരേക്കറോളം ഭൂമിയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോഴത് 50 സെന്റ് പോലും വരില്ലെന്ന് നാട്ടുകാർ പറയുന്നു. നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, പൂവാർ, തിരുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഈ ചന്തയിൽ എത്തുമായിരുന്നു. മാർക്കറ്റ് എന്ന് തുടങ്ങി എന്നതിൽ കൃത്യമായ കണക്ക് ആർക്കുമില്ല. 1990കളിലാണ് മാർക്കറ്റ് കോംപ്ലക്സ് സ്ഥാപിച്ചത്. 1994ൽ വാട്ടർ അതോറിട്ടിയുടെ കാഞ്ഞിരംകുളം സബ് ഡിവിഷൻ ഓഫീസിനു വേണ്ടി രണ്ടാം നിലയും നിർമ്മിച്ചു. കഴിഞ്ഞ ഏതാനും വർഷമായി കേരള യൂണിവേഴ്സിറ്റിയുടെ കാഞ്ഞിരംകുളം സെന്ററായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കോഴ്സുകൾ നടത്തി വരികയാണിവിടെ. 2001ൽ വനിതാ വിപണന കേന്ദ്രം തുടങ്ങിയെങ്കിലും പ്രാവർത്തികമായില്ല. മാർക്കറ്റിനുള്ളിൽ 5 ലക്ഷം രൂപ എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഷെഡ് കച്ചവടക്കാർ ഉപയോഗിക്കാറില്ല. പത്തോളം വരുന്ന ഇറച്ചി വില്പന സ്റ്റാളുകൾ ഈ കെട്ടിടത്തോടു ചേർന്ന് പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം.

 മാർക്കറ്റിനുള്ളിൽ നിലവിലെ കെട്ടിടങ്ങൾ നിലനിറുത്തിയുള്ള വികസനമാണ് തയ്യാറാക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

 മാർക്കറ്റ് നവീകരണത്തിന് കിഫ്ബി ഫണ്ടായ 2 കോടി 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ ഈ തുക പൂർണമായും ഗ്രാന്റായി കിട്ടാൻ വേണ്ട ശ്രമം തുടരുകയാണ്.