
തിരുവനന്തപുരം: കെ. മുരളീധരൻ കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പല പാർട്ടികളിൽ പോയിട്ടുള്ളയാളാണ് കെ.മുരളീധരൻ. നാളെ അദ്ദേഹം എവിടെയാവുമെന്ന് പറയാനാവില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഭാവി ഇന്ത്യ മുന്നോട്ട് പോവുക എന്നതിനുള്ള അംഗീകാരം കൂടിയാണ് പത്മജയെപ്പോലുള്ളവരുടെ പാർട്ടി പ്രവേശനം.കോൺഗ്രസിലെ അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണ് നേതാക്കൾ പാർട്ടി വിട്ടുപോകുന്നത്. കോൺഗ്രസ് കുടുംബത്തിൽ ജനിച്ചു വളർന്ന ആളുകൾക്ക് നിലവിലെ പാർട്ടിയുടെ അവസ്ഥ ബോധ്യമുണ്ട്. .രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരുന്നത് ആത്മഹത്യാപരമെന്ന് തിരിച്ചറിഞ്ഞുള്ള കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിൽ കാണുന്നത്.