 രോഗികളുടെ ഡാറ്റ കൈമാറും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ മരുന്നുപരീക്ഷണത്തിന് നീക്കം. വിദേശത്തേതടക്കം പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും പരീക്ഷിക്കും.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ ആരോഗ്യശാസ്ത്ര ഗവേഷണ നയത്തിന്റെ ബലത്തിലാണ് പരീക്ഷണം. എന്നാൽ, കേന്ദ്രനിയന്ത്രണത്തിലുള്ള മരുന്നുപരീക്ഷണം സംസ്ഥാനത്തിന് നടത്താനാവില്ലെന്നും സ്വകാര്യാശുപത്രികളിൽ വിദേശസഹായത്തോടെ രഹസ്യമായി നടക്കുന്ന പരീക്ഷണത്തിന് ഡേറ്റനൽകാനുള്ള നീക്കമാണെന്നും വിദഗ്ദ്ധർ ആരോപിക്കുന്നു.

പുതിയ മരുന്നുകളുടെ പരീക്ഷണത്തിലൂടെ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ. സ്വകാര്യത ഉറപ്പാക്കി രോഗികളുടെ വിവരങ്ങൾ ഗവേഷകർക്ക് നൽകും. ജനന, മരണ വിവരങ്ങളും ഇൻഷ്വറൻസ്, ആരോഗ്യ വകുപ്പുകളിലുള്ള രോഗസംബന്ധമായ ഡേറ്റയും പേരുകൾ മറച്ചശേഷമാകും നൽകുക. സർക്കാർ സ്ഥാപനങ്ങൾ തമ്മിലും ദേശീയ, അന്തർദേശീയ, സ്വയംഭരണ, സ്വകാര്യ സ്ഥാപനങ്ങളുമായും ഡേറ്റ പങ്കുവയ്ക്കും. ഗവേഷണത്തിന് വിദേശത്തുനിന്നടക്കം ഫണ്ട് ശേഖരിക്കാം.

മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതി നയത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇനി മന്ത്രിസഭായോഗത്തിന്റെ അംഗീകാരം വേണം. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ആർ.സി.സി എന്നിവിടങ്ങളിൽ കേന്ദ്രാനുമതിയോടെ മരുന്നുപരീക്ഷണം നടക്കുന്നുണ്ട്.

മരുന്നുപരീക്ഷണം

കുട്ടിക്കളിയല്ല

1. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷണം

2. ഐ.സി.എം.ആർ അനുമതിയോടെ എത്തിക്സ് കമ്മിറ്റിയുണ്ടാക്കി ഓരോഘട്ടത്തിലും കർശന പരിശോധന വേണം. ഇത് സംസ്ഥാനത്തിന് നയമുണ്ടാക്കി ചെയ്യാവുന്നതല്ല

3. രോഗവിവരങ്ങളും ജനന, മരണ ഡേറ്റയും കൈമാറുന്നതിന് നിയന്ത്രണമുണ്ട്. നിർണായകവിവരങ്ങൾ രാജ്യത്തിന് പുറത്തേക്ക് നൽകരുതെന്നാണ് ചട്ടം. പേര് മറച്ച് ഡേറ്റ നൽകുന്നത് പ്രായോഗികമല്ല

കേരളത്തിലെ പരീക്ഷണം

 നിരോധിക്കപ്പെട്ട എൻ.ഡി.ജി.എൻ-എം 4 (വായിലെ ക്യാൻസറിനുള്ളത്) അമേരിക്കയിലെ ജോൺഹോപ്കിൻസ് സർവകലാശാലയുടെ സഹായത്തോടെ ആർ.സി.സിയിൽ പരീക്ഷിച്ചെന്ന് ആരോപണമുയർന്നു. കേന്ദ്രാനുമതിയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ ആർ.സി.സിയെ വെള്ളപൂശി

കൊച്ചിയിലെ ആശുപത്രിയിൽ അമേരിക്കൻ മരുന്ന് പരീക്ഷിച്ചപ്പോൾ 10 പേരും കോഴിക്കോട്ടെ ആശുപത്രിയിൽ 2പേരും കൊച്ചിയിലെ മറ്റൊരാശുപത്രിയിൽ 3പേരും മരിച്ചെന്ന് റിപ്പോർട്ട്. 3 ഡോക്ടർമാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ റിസർച്ച് സെന്ററിൽ സ്വിസ് കമ്പനിയുടെ മരുന്നുപരീക്ഷണത്തിനിടെ 3 പേർ മരിച്ചെന്നും ആരോപണം

കൊച്ചിയിലെ പി.എൻ.സി വെസ്പർ കമ്പനിയുടെ പി.എൻ.ബി-001 മരുന്ന് കൊവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ അനുമതിനൽകിയിരുന്നു

7 വർഷം,

2644 മരണം

 2005-12 വരെ മരുന്നുപരീക്ഷണത്തിനിടെ രാജ്യത്ത് 2644 പേർ മരിച്ചതിനെത്തുടർന്നാണ് നിയന്ത്രണം വന്നത്. കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ച കണക്കാണിത്

11,972 പേർക്ക് ഗുരുതര പാർശ്വഫലങ്ങളുണ്ടായി. 475 മരുന്നുകളിൽ വിപണനാനുമതി 17എണ്ണത്തിന് മാത്രം

മരുന്നുപരീക്ഷണം ആവശ്യമാണ്. എന്നാൽ കേന്ദ്രമാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം

-ഡോ.മോഹനൻ കുന്നുമ്മേൽ

വൈസ്ചാൻസലർ,

ആരോഗ്യ സർവകലാശാല