
കാലാവസ്ഥയിൽ അനുദിനം മാറ്റം വരികയും ക്രമാതീതമായി ചൂടു കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന വൈദ്യുതി ബോർഡിന്റെ മുന്നറിയിപ്പ് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. പരീക്ഷക്കാലം കൂടിയായതിനാൽ പ്രത്യേകിച്ചും. ബോർഡിന് സർക്കാർ നൽകാനുള്ള വൻ കുടിശ്ശിക നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് ഇതു സംബന്ധിച്ചു നൽകിയ കത്തിൽ പറഞ്ഞിട്ടുള്ളത്. മഴ കുറഞ്ഞതിനാൽ ജലസംഭരണികളിലെല്ലാം വെള്ളം കുറഞ്ഞു. വൈദ്യുതിക്കായുള്ള ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നുമില്ല. ഓപ്പൺ സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങണമെങ്കിൽ മുൻകൂറായി പണം നൽകണം. അതിനുള്ള കോടികൾ ബോർഡിന്റെ കൈവശമില്ല.
വൈദ്യുതി ബിൽ കുടിശ്ശിക പെരുകിയതും തുടർച്ചയായി ബോർഡ് നഷ്ടത്തിലായതും മൂലം വായ്പ വിലക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലാണ് റിസർവ് ബാങ്ക് കെ.എസ്.ഇ.ബിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ബിൽ അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ സാധാരണക്കാരനു മേൽ കുതിരകയറാൻ യാതൊരു മടിയുമില്ലാത്ത വിഭാഗമാണ് കെ.എസ്.ഇ.ബി. മുന്നറിയിപ്പു പോലുമില്ലാതെ കണക്ഷൻ വിച്ഛേദിക്കാൻ പോലും മടി കാട്ടാറില്ല. എന്നാൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ഭീമമായ കുടിശ്ശിക തിരിച്ചുപിടിക്കാൻ യാതൊരു ഉത്സാഹവും കാട്ടുന്നുമില്ല. സർക്കാർ ഉത്തരവിലൂടെ കർശനമായ നിലപാട് കൈക്കൊണ്ടാൽ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ.
സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഒട്ടാകെ 1768.80 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. ഇതിൽ വാട്ടർ അതോറിട്ടിയുടെ കുടിശ്ശികയാണ് ഏറ്റവും കൂടുതൽ. ഇത് തീർപ്പാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചെങ്കിലും വിജയിച്ചില്ല. കുടിവെള്ള വിതരണം മുടങ്ങുമെന്നതിനാൽ വാട്ടർ അതോറിട്ടിയുടെ കണക്ഷൻ വിച്ഛേദിക്കാനുമാവില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുതി ബിൽ കുടിശ്ശിക 1086.15 കോടിയാണ്. മൊത്തം വിവിധ വിഭാഗങ്ങളിലായി 3585.67 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ചില സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ഒത്താശയോടെ വൈദ്യുതി മോഷണവും തട്ടിപ്പുമൊക്കെ പതിവാക്കിയിട്ടുണ്ട്. ഇതൊന്നും കണ്ടുപിടിക്കാനോ നടപടി സ്വീകരിക്കാനോ ബോർഡ് മുതിരാറില്ല. പ്രഗത്ഭരായ ഉദ്യോഗസ്ഥർ വരുമ്പോൾ വൈദ്യുതി മോഷണമൊക്കെ കൃത്യമായി പിടിക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്ത ചരിത്രം അറിയാൻ അധികദൂരം പിന്നിലോട്ട് സഞ്ചരിക്കേണ്ടതില്ല. സർക്കാർ ബോർഡിനു നൽകേണ്ട തുക വക മാറ്റി ചെലവഴിക്കുന്ന പതിവുമുണ്ട്. ഗ്രീൻ കോറിഡോറിനായി ലഭിച്ച ജർമ്മൻ ബാങ്കിന്റെ 60 കോടി നാലുമാസമായിട്ടും കൈമാറിയിട്ടില്ല. നബാർഡിന്റെ 40 കോടിയാകട്ടെ ഏഴുമാസമായിട്ടും നൽകിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്നത്. എന്നാൽ സാഹചര്യം ആശങ്കാജനകമാകുമ്പോൾ അടിയന്തര നടപടി കൈക്കൊള്ളാൻ സർക്കാർ മുൻകൈയെടുക്കണം. ചൂട് കൂടുന്നതു കാരണം ജനം അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടുകയാണ്. സ്വാഭാവികമായും വൈദ്യുതി ഉപഭോഗം വർദ്ധിക്കും. ഫാൻ പോലും ഉപയോഗിക്കാതെ കിടന്നുറങ്ങാൻ പറ്റാത്ത കാലത്ത് ലോഡ് ഷെഡ്ഡിംഗിന്റെ പേരിൽ വൈദ്യുതി മുടക്കുന്നത് അസഹനീയമായിരിക്കും. ഇപ്പോൾത്തന്നെ കുടിവെള്ള ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്. അതിനൊപ്പം വൈദ്യുതി പ്രതിസന്ധി കൂടിവന്നാൽ ജനങ്ങൾക്ക് അത് ഇരുട്ടടിയായി മാറുമെന്നതിൽ സംശയമില്ല.