mazhavella-sambarani

തിരുവനന്തപുരം: കടുത്ത വേനലിൽ ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കയുയർത്തും വിധം താഴുമ്പോൾ, കെട്ടിടങ്ങളിൽ മഴവെള്ള സംഭരണി നിർബന്ധമാക്കിയുള്ള നിയമം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിക്കുന്നു. 2019ലെ കെട്ടിട നിർമ്മാണ ചട്ടപ്രകാരം അഞ്ച് സെന്റിലേറെയുള്ള സ്ഥലങ്ങളിൽ നിർമ്മിക്കുന്ന വീടുകൾ, ഫ്ലാറ്റുകൾ, ഓഫീസ് സമുച്ചയങ്ങൾ തുടങ്ങിയവയ്ക്ക് മഴവെള്ള സംഭരണി നിർബന്ധമാണ്. അഞ്ചു സെന്റിൽ 3,000 സ്‌ക്വയർഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് ഇളവ്.

നിയമം ബാധകമാക്കിയിട്ടുള്ള കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണിയില്ലാതെ നമ്പർ നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥ. പ്ളാനിൽ മഴവെള്ള സംഭരണിയും ചേർത്താകും നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കുക. നിർമ്മാണഘട്ടത്തിൽ ഇത് ഒഴിവാക്കും. കെട്ടിടത്തിന് നമ്പർ നൽകുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പരിശോധിക്കുമെങ്കിലും ചിലർ കൈക്കൂലി വാങ്ങിയോ ശുപാർശ കാരണമോ കണ്ണടയ്ക്കും. നമ്പർ നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അദാലത്തുകളിൽ അപേക്ഷ തീർപ്പാക്കി നമ്പർ നൽകുന്നതാണ് സ്ഥിതി.

എത്ര കെട്ടിടങ്ങളിൽ മഴവെള്ള സംഭരണിയുണ്ടെന്ന വ്യക്തമായ കണക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പക്കലില്ല. കെട്ടിട നിർമ്മാണ പ്ലാൻ നോക്കിയാൽ ഭൂരിഭാഗം കെട്ടിടങ്ങൾക്കും മഴവെള്ള സംഭരണിയുണ്ട്.

നിർബന്ധമാക്കിയത്

20 കൊല്ലം മുമ്പ്

# ഇരുപത് വർഷം മുമ്പാണ് മഴവെള്ള സംഭരണി നിർബന്ധമാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.

#2011ൽ ചട്ടം പുതുക്കി.1500 സ്‌ക്വയർഫീറ്റിനും എട്ടു സെന്റിനും മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർബന്ധമാക്കി .

#2019ലെ ചട്ടപ്രകാരം അത് അഞ്ചു സെന്റിൽ 3000 സ്‌ക്വയർഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഒഴികെ നിർബന്ധമാക്കി

''പഴയകെട്ടിടങ്ങൾ ഉൾപ്പെടെ സാദ്ധ്യമായ എല്ലാ കെട്ടിടങ്ങളിലും മഴവെള്ളസംഭരണിയും ഭൂജല പരിപോഷണ മാർഗങ്ങളും നിയമംമൂലം ഉറപ്പാക്കണം

-ഡോ.വി.സുഭാഷ് ചന്ദ്രബോസ്,

മുൻ ഡയറക്ടർ, ജലവിഭവ വകുപ്പ്