കിളിമാനൂർ: സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യമായ കൂലി എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ കൂലിക്ക് ഒരു ഉറപ്പുമില്ല. ഒപ്പം കൃത്യമായ സുരക്ഷ ഉറപ്പുവരുത്താൻ യാതോരു സുരക്ഷാ ഉപകരണങ്ങളും ഇവർക്കില്ല. വെയിലും മഴയും ഏൽക്കണം. പകർച്ചവ്യാധി പിടിപെടാൻ ഏറെ സാദ്ധ്യതയുള്ള ഇടങ്ങളായ തോടും ചെളിക്കുണ്ടുകളും ഇവരുടെ പണിസ്ഥലങ്ങളാണ്. ഇതിനുപുറമെ വിഷപ്പാമ്പ്, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ആക്രമണവും ഇവർക്ക് നേരെയുണ്ടാകാം. നിരവധിപേരാണ് ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുള്ളത്. ഇത്രയും ദുരിതം അനുഭവിച്ച് ജോലിചെയ്താലോ കൃത്യമായി കൂലിയും കിട്ടാറില്ല. ക്ഷേമ പെൻഷൻ നിലച്ചിട്ട് മാസങ്ങളായി, പല കുടുംബങ്ങളുടെയും ആശ്രയം തൊഴിലുറപ്പായിരുന്നു. തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് പല കുടുംബംഗങ്ങളും. മുടങ്ങിയ തൊഴിലുറപ്പ് കൂലി എത്രയും പെട്ടെന്ന് നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
1. പദ്ധതി 2005-ൽ യു.പി.എ.ഗവ. നടപ്പിലാക്കിയ പദ്ധതി. ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് തൊഴിലും വരുമാനവും ലക്ഷ്യമാക്കി നടപ്പിലാക്കി. വർഷത്തിൽ നൂറു ദിവസത്തെ ജോലി. ഹരിത കേരള മിഷൻ പദ്ധതി പ്രകാരം പട്ടികവർഗ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ 50 ദിവസം കൂടി തൊഴിൽ നൽകി. 60 വയസിന് താഴെയുള്ള ആർക്കും ജോലിയെടുക്കാം.
2.കാടുവെട്ടിത്തെളിക്കൽ, തോട് വൃത്തിയാക്കൽ എന്നിവയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. നിലവിൽ വിദഗ്ദ്ധ തൊഴിലാളികൾക്കൊപ്പം റോഡ് നിർമ്മാണം, പാറ അടുക്കൽ, കുളം നിർമ്മാണം, മഴക്കുഴി നിർമ്മാണം, ചുടുകട്ട നിർമ്മാണം എന്നിവയും ഉൾപ്പെടുത്തി.
3. കൂലി 320, സമയം രാവിലെ 9 മുതൽ, വൈകിട്ട് 5 വരെ. സമാന ജോലി ചെയ്യുന്ന മറ്റു തൊഴിലാളികൾക്ക് കിട്ടുന്നത് 600 രൂപ,സമയം രാവിലെ 8 മുതൽ 2 വരെ.
4. തൊഴിൽ സാമഗ്രികൾ വാങ്ങാൻ പദ്ധതി വിഹിതത്തിൽ നിന്നായിരുന്നു, എന്നാൽ നിലവിൽ തൊഴിലാളികൾ തന്നെ വാങ്ങേണ്ടി വരുന്നു
ആവശ്യങ്ങൾ
നിലവിലെ സാഹചര്യം വച്ച് തൊഴിലാളികൾക്ക് ഇൻഷ്വറസ് പരിരക്ഷ ഉറപ്പുവരുത്തുക, കൂലി വർദ്ധിപ്പിക്കുക, ഓണം പോലുള്ള ഉത്സവ സീസണുകളാൻ ഉത്സവബത്ത നൽകുക, നിലവിലുള്ള തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഉന്നയിക്കുന്നത്.