തിരുവനന്തപുരം: കേരള സർവ‌കലാശാല കലോത്സവം രണ്ടുദിനം പിന്നിടവെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ തിരുവനന്തപുരം മാർ ഇവാനിയോസ് കുതിപ്പ് തുടരുന്നു.ഇന്നലെ രാത്രി 8 വരെയുള്ള ഫലങ്ങൾ പുറത്തുവന്നപ്പോൾ 52 പോയിന്റുമായി ഇവാനിയോസ് ഒന്നാം സ്ഥാനത്താണ്. 2023ലെ രണ്ടാം സ്ഥാനക്കാരായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 46 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 32 പോയിന്റുമായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് മൂന്നാം സ്ഥാനത്തും തിരുവനന്തപുരം വഴുതക്കാട് ഗവ.വിമെൻസ് കോളേജ് 17 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

കലാപ്രതിഭ പട്ടത്തിനുള്ള പോരാട്ടത്തിൽ 10 പോയിന്റുമായി മാർ ഇവാനിയോസ് കോളേജിലെ ബി.മുരളി കൃഷ്ണയാണ് മുന്നിലുള്ളത്. മുരളികൃഷ്ണയ്ക്ക് ഇനി മത്സരങ്ങൾ ഒന്നുംതന്നെയില്ല. തൊട്ടുപിന്നിലുള്ളത് ആറ് പോയിന്റ് വീതം നേടിയ മാർ ഇവാനിയോസിലെ തന്നെ ആലോക് പ്രപഞ്ചും നന്ദകിഷോറും തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജ് ഒഫ് എഡ്യുക്കേഷനിലെ സാരംഗ് സുനിലുമാണ്. എട്ട് പോയിന്റുമായി കേരള യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജെ.കൃഷ്ണപ്രദീപ് കലാതിലകപ്പട്ടം പിടിക്കാൻ മുന്നിലുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കലാരത്ന പട്ടത്തിനായുള്ള മത്സരം യൂണിവേഴ്സിറ്റി കോളേജിലെ എ.എസ്.ആദിലും അൽ ഷിയയും തമ്മിലാണ്. 15 പോയിന്റാണ് ആദിലിനുള്ളത്,​ അൽ ഷിയയ്ക്ക് 10 പോയിന്റും.

പല വേദികളിലും മത്സരങ്ങൾ നിശ്ചയിച്ചിരുന്നതിലും വൈകിയാണ് തുടങ്ങിയത്. ഇതെല്ലാം തുടർന്നുള്ള മത്സരങ്ങളെയും ബാധിച്ചു. വ്യാഴാഴ്ച നടന്ന തിരുവാതിര മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകത ആരോപിച്ച് വിദ്യാർത്ഥിനികൾ പ്രധാനവേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഇന്നലെ രാവിലെ മുതൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിധി നിർണയത്തിനിടെ വിധികർത്താക്കൾ ഉറങ്ങിയെന്നും മത്സരാർത്ഥിയുടെ വസ്ത്രം അഴിഞ്ഞുവീണ ടീമിനു പോലും സമ്മാനം നൽകിയെന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ.വിമെൻസ് കോളേജ്,കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിലെ മത്സരാർത്ഥികൾ പരാതിപ്പെട്ടു. പരാതിപ്പെട്ടപ്പോൾ സംഘാടകർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഘാടകരും യൂണിയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരിഹാരമുണ്ടാകുന്നതുവരെ തിരുവാതിരയുടെ ഫലം മരവിപ്പിക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിച്ചു. ഉച്ചയോടെ മാത്രമാണ് ഈ വേദിയിൽ കോൽക്കളി,​ദഫ്‌മുട്ട്.അറബനമുട്ട്,​ വട്ടപ്പാട്ട് എന്നിവ ഒന്നൊന്നായി നടന്നത്.