
ഉദിയൻകുളങ്ങര: അമരവിള എക്സൈസ് റേഞ്ച് ഓഫീസിന് വേണ്ടിയുള്ള കെട്ടിട നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ ഇഴയുന്നു. മാസങ്ങളായി വാടകക്കെട്ടിടത്തിന്റെ പരിമിതികളിലാണ് ഓഫീസിന്റെ പ്രവർത്തനം. ദേശീയപാതയോരത്ത് നൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് അമരവിള എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ഓഫീസിലെ ഫയലുകൾ പലതും നനഞ്ഞ് ഉപയോഗശൂന്യമായി. ഈ സാഹചര്യത്തിൽ ഒരുകോടി 30 ലക്ഷം രൂപ പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചു. തുടർന്ന് 9 മാസം മുമ്പ് പഴയ കെട്ടിടം പൊളിച്ചുമാറ്റി.
പരിമിതികളിൽ ഉദ്യോഗസ്ഥർ
കെട്ടിടം പൊളിച്ച് കല്ലും കട്ടയും മറ്റ് സാധനങ്ങളും സമീപത്തെ ഒരു ഷെഡിലേക്ക് മാറ്റി ലേലത്തിന് വച്ചു. അത് അടുത്തിടെ ലേലം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ രേഖകൾ തയാറാകാത്തതിനാൽ പൊളിച്ചുനീക്കിയ സാധനങ്ങൾ ഇവിടെനിന്നു നീക്കാൻ കാലതാമസം എടുക്കുമെന്ന് അധികൃതർ പറയുന്നു. ഇവ ഇവിടെ നിന്ന് നീക്കിയാലുടൻ പാറശാല പി.ഡബ്ല്യു.ഡിയുടെ കീഴിൽ പുതിയ കെട്ടിടത്തിനുള്ള നിർമാണങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്വന്തമായി സ്ഥലമുള്ളപ്പോൾ വാടകക്കെട്ടിടത്തിൽ ജോലിചെയ്യേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
ലഹരിക്കടത്തിന് സുഖം
ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്നപ്പോൾ ദിനവും ലഹരിസാധനങ്ങൾ പിടികൂടിയിരുന്നു. എന്നാൽ ഓഫീസ് ഉദിയൻകുളങ്ങര പൊഴിയൂർ റോഡിലേക്ക് മാറിയതോടെ ഇവിടുത്തെ ലഹരി സാധനങ്ങൾ പിടികൂടുന്നതിന്റെ കേസുകൾ കുറഞ്ഞതായും ആരോപണമുണ്ട്. രാത്രിയും പകലും ഒരുപോലെ കേസ് അന്വേഷിച്ചിരുന്ന ഈ എക്സൈസ് ഓഫീസ് ഗ്രാമപ്രദേശത്തേക്ക് മാറിയതോടെ മലയോര അതിർത്തി മേഖലകളിൽ ലഹരി കടത്ത് സജീവമായി.
ഓഫീസ് ഉടൻ മാറ്റണം
മുമ്പ് എക്സൈസ് റേഞ്ച് ഓഫീസ് പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ നിരവധി കേസുകളാണ് ഇവിടെ പിടികൂടിയിരുന്നത്.
ഇതിനു ഒന്നര കിലോമീറ്റർ മാറി ചെക്ക് പോസ്റ്റ് നിലവിലുണ്ടെങ്കിലും സംശയമുള്ള വാഹനങ്ങൾ മാത്രമേ ഇവിടെ പരിശോധിക്കറുള്ളൂ. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പനസംഘം സജീവമായിരിക്കെ ഈ എക്സൈസ് ഓഫീസിലെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.