ആറ്റിങ്ങൽ: ദിവസം കഴിയുംതോറും ചൂടിന്റെകാഠിന്യം ഏറിവരുന്ന സാഹചര്യത്തിൽ വഴിയോരങ്ങളിലും കടകളിലും പ്രധാന വിപണനഉത്പന്നം ജൂസുകളും കരിക്കുമാണ്. പലതരത്തിലും നിറത്തിലും രുചിയിലും ജൂസുകളും ശീതളപാനിയങ്ങളും നിരത്തിലുണ്ടെങ്കിലും ഏറെ പ്രിയം കരിക്കിനോടു തന്നെ. നാടൻ കരിക്കും, ഗൗളി ഗാത്രവും നാട്ടിൽ ലഭ്യമല്ലെങ്കിലും കേരളത്തിന്റെ ആവശ്യം മനസിലാക്കി തമിഴ്നാട്ടുകാർ കേര കൃഷിയും വ്യാപകമാക്കി.

കരിക്കിൽ തന്നെ വിവിധയിനങ്ങളും അവർ ഇതിനകം ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചു കഴിഞ്ഞു. കരിക്കിൽ ദാഹമകറ്റാനുള്ള ഇളനീർ മാത്രമുള്ള കരിക്കുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. സീസണിന് മുമ്പ് 40 രൂപയായിരുന്ന കരിക്കിന് ചൂട് കൂടിയതോടെ 50 മുതൽ 60 വരെ ഈടാക്കുന്നു. നാടൻ കരിക്കിന്റെ ലഭ്യത കുറഞ്ഞതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കരിക്കിന്റെ വരവും ദിനം പ്രതി കൂടി വരികയാണിപ്പോൾ.

 കരിക്കിലും മായം

ഇളനീർ,​ പ്രകൃതിയൊരുക്കിയ ശീതളപാനിയം എന്നാണ് നാം പഠിച്ചത്. എന്നാൽ കത്തുന്ന ചൂടിൽ ആശ്വാസമേകേണ്ട ഈ പ്രകൃതിയുടെ ഇളനീരിലും മായം കലരുന്നതായി പറയുന്നു. കരിക്കിൽ വെള്ളം മാത്രം ഉത്പാദിപ്പിക്കാൻ മെഗ്നീഷ്യം അടങ്ങിയ രാസവസ്തുക്കൾ ചിലർ ഉപയോഗിക്കുന്നുണ്ട്. തെങ്ങുകളുടെ വേരിൽനിന്നുതന്നെ ഇതിനുള്ള പ്രയോഗം തുടങ്ങും. ഇത്തരം കരിക്കിൻ വെള്ളത്തിന് നല്ല മധുരവും ഉണ്ടാകും. എന്നാൽ ഇത്തരം പാനീയം ആരോഗ്യത്തിന് ഹാനികരമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

 അറിയാം ഗുണങ്ങൾ

ക്ഷീണമകറ്റാൻ ഏറ്റവും മിടുക്കനായ ഇളനീരിൽ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളുമായി എത്തുന്ന രോഗികളോട് ഡോക്ടർമാർ തന്നെ പറയുന്നത് കരിക്ക് കുടിക്കാനാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇതിൽ. സോഡിയം,​ പൊട്ടാസ്യം,​ കാത്സ്യം,​ ആന്റി ഓക്സിഡന്റുകൾ,​ വിറ്റമിനുകൾ,​ മിനറലുകൾ,​ ലോറിക് ആസിഡ് എന്നിവയുടെ കലവറകൂടിയാണ് ഇവ.

ഗർഭിണികളായ സ്ത്രീകൾ ഇളനീർ കുടിക്കുന്നത് ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും ഗുണം ചെയ്യും.