
തിരുവനന്തപുരം:ധൃതിപിടിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഡ്രൈവിംഗ് പരിശീലനത്തിൽ വരുത്തുന്ന പരിഷ്കാരങ്ങൾ പാഴാവാൻ സാധ്യത. വിപുലമായ നവീന സംവിധാനങ്ങളോടെയുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകൾ വേണമെന്നാണ് കേന്ദ്രമോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അമ്പതു സെന്റ് സ്ഥലം കണ്ടെത്തി ടെസ്റ്റ് നടത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അടുത്തിടെ സംസ്ഥാന ഗതാഗത വകുപ്പ് ഡ്രൈവിംഗ് സ്കൂളുകാരോട് ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരായ അവർക്ക് അസാധ്യമാണെന്ന് വിമർശനം ഉയർന്നതോടെ ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്തുമെന്ന് അധികൃതർ നിലപാട് മാറ്റി. പക്ഷേ, കേന്ദ്രം കർശനമായി നിയമം നടപ്പാക്കിയാൽ വൻമുതൽ മുടക്ക് വരുന്ന അക്രഡിറ്റഡ് സ്കൂളുകൾ നിലവിൽ വരും. ലൈസൻസിനു വേണ്ടിയുള്ള ടെസ്റ്റിംഗ് സംവിധാനമാകെ മാറും. ഇപ്പോൾ സ്ഥലം കണ്ടെത്തുന്നതും അതിനു വേണ്ടി തുക ചെലവാക്കുന്നതും സംവിധാനങ്ങൾ ഒരുക്കുന്നതും പാഴാവും.
ജൂലായ് ഒന്നു മുതൽ അക്രഡിറ്റഡ് സെന്ററുകൾ നിർബന്ധമാക്കാനാണ് കേന്ദ്രമോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പു കാരണം തുടർ നടപടികൾ ഉണ്ടായില്ല.
കേന്ദ്ര നിയമത്തിൽ നിന്ന് കേരളത്തിന് മാറി നിൽക്കാനാകില്ല. ഡ്രൈവിംഗ് സ്കൂളുകൾക്ക് ഒറ്റയ്ക്ക് അക്രഡിറ്റഡ് സ്കൂളുകൾ ആരംഭിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല. സംഘം ചേർന്ന് ആരംഭിക്കേണ്ടിവരും. ഡ്രൈവിംഗ് പഠനത്തിനുള്ള ഫീസും വർദ്ധിക്കും. ഇപ്പോൾ തന്നെ ചില ഏജൻസികൾ ഡ്രൈവിംഗ് പരിശീലന രംഗത്ത് എത്തിയിട്ടുണ്ട്. ചില സഹകരണ സ്ഥാപനങ്ങൾ അക്രഡിറ്റഡ് കേന്ദ്രങ്ങൾക്ക് അപേക്ഷ നൽകി കഴിഞ്ഞു.
പരിഷ്കാരം നടപ്പാക്കുമ്പോൾ, സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം വേണമെന്നാണ് ഡ്രൈവിംഗ് സ്കൂളുകാർ ആവശ്യപ്പെടുന്നത്.
ലൈറ്റ് മോട്ടോറിന് ഒരേക്കർ,
ഹെവിക്ക് രണ്ട് ഏക്കർ
# കേന്ദ്ര നിയമം അനുസരിച്ച് ഇരുചക്ര, മുച്ചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരേക്കറും ഹെവിപാസഞ്ചർ വാഹനങ്ങളുടെ പരിശീലനത്തിന് പ്രത്യേകമായി രണ്ട് ഏക്കർ വസ്തുവും വേണം
#കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജർ എന്നീ സംവിധാനങ്ങളുള്ള രണ്ട് ക്ലാസ് മുറികൾ വേണം. ട്രാഫിക്- ഡ്രൈവിംഗ് പാഠങ്ങൾക്കു പുറമേ, പ്രഥമ ശുശ്രൂഷ, വാഹന മെക്കാനിസം തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്.
#വളവ്, എട്ടാകൃതി, കയറ്റിറക്കം, റിവേഴ്സ് എന്നിവ പരിശീലിപ്പിക്കാൻ ഡ്രൈവിംഗ് ട്രാക്ക് വേണം. വർക്ഷോപ്പ്
പരിശീലകനും പരിശീലിപ്പിക്കുന്ന വാഹനത്തിനും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം.
# സ്ഥാപനത്തിന്റെ ഉടമയ്ക്കോ ജീവനക്കാരനോ മോട്ടോർ മെക്കാനിസത്തിൽ മികവ് തെളിയിച്ച രേഖയുണ്ടാവണം
സ്ഥാപനത്തിന്റെ കാലാവധി അഞ്ചു വർഷമാണ്. ശേഷം പുതുക്കണം
''അക്രഡിറ്റഡ് സംവിധാനം നടപ്പിലാക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കുന്നതുവരെ നിലവിലെ രീതി തുടരണം''
- എം.എസ്. പ്രസാദ്,
ജനറൽ സെക്രട്ടറി, ആൾ കേരള മോട്ടോർ
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ്
ആൻഡ് വർക്കേഴ്സ് അസോസിയേഷൻ