തിരുവനന്തപുരം: തലസ്ഥാനത്ത് നടന്നുവരുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തെ തുടർന്ന് വിധികർത്താവ് അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർഗംകളിയുടെ വിധികർത്താവായ കണ്ണൂർ ചൊവ്വ സ്വദേശി ഷാജി (52), നൃത്ത പരിശീലകരും ഇടനിലക്കാരുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരെയാണ് സർവകലാശാല യൂണിയന്റെ പരാതിയെ തുടർന്ന് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റമായതിനാൽ പ്രതികൾക്ക് നോട്ടീസ് നൽകിയ ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി സോനു ശ്രീകുമാറിനെ (35) ഇതിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. കോഴത്തുക പ്എത്രയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന മാർഗംകളി മത്സരത്തിന്റെ ഫലമാണ് വിവാദമായത്. 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇവാനിയോസിന് ഒന്നാംസ്ഥാനം ലഭിച്ചു. ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിന് രണ്ടും യൂണിവേഴ്സിറ്റി കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിനിടെ ചുവടുതെറ്റിയ മാർ ഇവാനിയോസിന് ഒന്നാം സ്ഥാനം നൽകിയതിൽ കോഴ ആരോപിച്ച് യൂണിവേഴ്സിറ്റി കോളേജ് രംഗത്തെത്തിയതോടെയാണ് സംഘാടക സമിതി പരിശോധന നടത്തിയത്. തുടർന്നുള്ള വട്ടപ്പാട്ട് മത്സരവും ഇന്നലെ രാവിലെ നടക്കേണ്ട ഒപ്പന, മിമിക്രി,മോണോ ആക്ട്, മൈം അടക്കമുള്ള മറ്റ് മത്സരങ്ങളും നിറുത്തിവച്ചു.
ഡീൽ ഒ.കെ അല്ലേ..
മത്സരത്തിനിടെ ഷാജിയുടെ മൊബൈലിലേക്ക് ജോമെറ്റും സൂരജും പലതവണ മിസ് കാൾ ചെയ്യുകയും വാട്സ് ആപ്പിലൂടെയും എസ്.എം.എസ് വഴിയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. വിധികർത്താക്കളുടെ മൊബൈൽ ഫോണുകൾ മത്സരം പൂർത്തിയാകുന്നതുവരെ സംഘാടക സമിതി അംഗങ്ങളാണ് സൂക്ഷിച്ചിരുന്നത്.ഫോൺ ഫിംഗർ ലോക്കിലായിരുന്നതിനാൽ സംഘാടകർക്ക് പരിശോധിക്കാനായില്ല. പിന്നീട് യൂണിയൻ ചെയർമാൻ വിജയ് വിമലിന്റെ നേതൃത്വത്തിൽ ഷാജിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇടനിലക്കാരുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ കണ്ടെത്തി. ആ നമ്പറുകളിൽ തിരിച്ചുവിളിക്കുകയും ഡീൽ ഒ.കെ അല്ലേ എന്ന് ചോദിക്കുകയും ചെയ്തു. ഒ.കെ ആണെന്ന് മറുപടി ലഭിച്ചു. ഷാജിയുടെ മൊബൈലിലേക്ക് വിളിച്ച ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളേജിലേക്ക് വിളിച്ചുവരുത്തി സംഘാടകർ ചോദ്യം ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.