
 ശശി തരൂർ, തിരുവനന്തപുരം
ചന്ദ്രൻ തരൂരിന്റെയും ലില്ലിതരൂരിന്റെയും മകനായി 1956 മാർച്ച് ഒമ്പതിന് ലണ്ടനിൽ ജനനം. 2009ൽ തിരുവനന്തപുരത്ത് നിന്ന് ആദ്യജയം. 2014, 2019 തിരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായും മാനവവിഭവശേഷി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം. ലണ്ടനിലെ ടഫ്റ്റ് സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദവും ഡോക്ടറേറ്റും. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറലായിരുന്നു. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം പിന്മാറി. ഭാര്യ പരേതയായ സുനന്ദ പുഷ്കർ. മക്കൾ: ഇഷാൻ, കനിഷ്ക്. ഗ്രന്ഥകാരൻ, ഇംഗ്ളീഷ് ഭാഷയിൽ അസാധാരണ പാണ്ഡിത്യം.
 അടൂർ പ്രകാശ്, ആറ്റിങ്ങൽ
72 വയസ്. എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1952 മെയ് 24 ന് അടൂരിൽ ജനനം. നിയമബിരുദധാരി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചു. 2019ൽ ആറ്റിങ്ങലിൽ ലോക്സഭയിലെത്തി. 1996 മുതൽ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോന്നി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയം. 2006ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി. 2011ലെ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യത്തിന്റെയും കയർവകുപ്പിന്റെയും ചുമതല. 2012ൽ റവന്യൂ വകുപ്പ് മന്ത്രിയായി. ഭാര്യ: ജയശ്രീപ്രകാശ്. മക്കൾ: ജയകൃഷ്ണൻ, യമുന, അജയകൃഷ്ണൻ. മരുമക്കൾ: നിഷ, ഡോ. കാർത്തിക്, മേഘ.
 എൻ.കെ. പ്രേമചന്ദ്രൻ, കൊല്ലം
കൊല്ലം എം.പിയായ എൻ.കെ. പ്രേമചന്ദ്രൻ അഞ്ചാം തവണയാണ് കൊല്ലത്ത് നിന്ന് മത്സരിക്കുന്നത്. 1996, 98 തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചു. 2014ൽ എൽ.ഡി.എഫ് കൊല്ലം സീറ്റ് നിഷേധിച്ചതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ 37,649 വോട്ടിന് പരാജയപ്പെടുത്തി. 2019ൽ കെ.എൻ. ബാലഗോപാലിനെ 1,48,869 വോട്ടുകൾക്ക് തോല്പിച്ചു. 2006ൽ ചവറയിൽ നിന്ന് നിയമസഭാംഗമായി. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. 2011ൽ തിരഞ്ഞെടുപ്പിൽ ഷിബുവിനോട് പരാജയപ്പെട്ടു. രാജ്യസഭാംഗമായും പ്രവർത്തിച്ചു. കൊല്ലം കന്റോൺമെന്റ് മഹേശ്വരിയിലാണ് താമസം. ഭാര്യ: ഡോ. എസ്. ഗീത. കാർത്തിക് പ്രേമചന്ദ്രൻ മകനും ഡോ. കാവ്യ മരുമകളുമാണ്.
 കൊടിക്കുന്നിൽ സുരേഷ്, മാവേലിക്കര
തിരുവനന്തപുരം പോത്തൻകോട് കൊടിക്കുന്നിൽ കുണ്ടയത്ത് മുകളിൽ പരേതരായ കുഞ്ഞൻ - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 62 വയസ്. എൽ.എൽ.ബി ബിരുദധാരി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗപ്രവേശം. 9 തവണ ലോക്സഭയിലേക്ക് മത്സരിച്ചു. 7 തവണ വിജയിച്ചു. ഒന്നര വർഷം കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു. മാവേലിക്കരയിൽ നാലാമൂഴം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി. ഭാര്യ: ബിന്ദു സുരേഷ്. മക്കൾ: അരവിന്ദ് സുരേഷ് (എൻജിനിയറിംഗ് ബിരുദധാരി), ഗായത്രി സുരേഷ് (സി.എ വിദ്യാർത്ഥിനി).
 ആന്റോ ആന്റണി, പത്തനംതിട്ട
67 വയസ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം രൂപീകരിച്ച 2009 മുതൽ തുടർച്ചയായി മൂന്നു തവണ എം.പിയായി. പാർലമെന്റിലേക്ക് അഞ്ചാം മത്സരം. 2004 കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സി.പി.എമ്മിലെ കെ. സുരേഷ്കുറുപ്പിനോട് പരാജയപ്പെട്ടു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗമാണ്. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് വന്നു. പാലാ മൂന്നിലവ് സ്വദേശി. പാല സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി, എറണാകുളം ലോ കോളേജ്, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ: ഗ്രേസി ആന്റാേ. മക്കൾ: കെവിൻ ജോർജ് ആന്റണി, മെറിൻ അന്ന ആന്റണി.
 കെ.സി. വേണുഗോപാൽ, ആലപ്പുഴ
എ.ഐ.സി.സി ജനറൽ സെക്രട്ടറി. 61 വയസ്. കണ്ണൂർ പയ്യന്നൂർ സ്വദേശി. കെ.എസ്.യു വഴി ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പദവികൾ വഹിച്ചു. കെ.പി.സി.സി എക്സിക്യുട്ടിവ് അംഗമായിരുന്നു. 1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ദേവസ്വം - ടൂറിസം മന്ത്രി. 2009ൽ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക്. 2011-2014 കേന്ദ്ര സഹമന്ത്രി. 2017ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, എൽ.എൽ.ബി. വോളിബാൾ താരമായിരുന്നു. ഭാര്യ: ആശ (അസി.പ്രൊഫസർ). മക്കൾ: ഗോകുൽ, പാർവതി.
 ഫ്രാൻസിസ് ജോർജ്, കോട്ടയം
ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരിക്കെ രാഷ്ട്രീയ രംഗത്തെത്തി. കേരള കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഡെപ്യൂട്ടി ചെയർമാൻ. 1999ലും 2004ലും ഇടുക്കിയിൽനിന്ന് ലോക്സഭയിലെത്തി. കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം. ജോർജിന്റെയും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന മാർത്താമ്മയുടെയും മകനായി 1955 ഒകേ്ടാബർ എട്ടിന്ജനനം. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദം. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപിക ഷൈനിയാണ് ഭാര്യ. മക്കൾ: ജോർജ്, ജോസ്, ജേക്കബ്.
 ഡീൻ കുര്യാക്കോസ്, ഇടുക്കി
42 വയസ്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ആനാനിക്കൽ വീട്ടിൽ എ.എം. കുര്യാക്കോസിന്റെയും റോസമ്മ കുര്യക്കോസിന്റെയും മകനായി 1981 ജൂൺ 27ന് ജനനം. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഫിസിക്സിൽ സയൻസ് ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും നേടി. തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റൈറ്റ്സ് ആൻഡ് പൊളിറ്റിക്സിൽ ഒന്നാം റാങ്കോടെ എം.എ കരസ്ഥമാക്കി. കേന്ദ്ര യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ പി.എച്ച്.ഡി ചെയ്യുന്നു. 2013 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 2014ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പരാജയം. 2019ൽ ജയം. ഭാര്യ: ഡോ. നിത പോൾ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഏക മകൻ ഡാനിലോ ഡീൻ.
 ഹൈബി ഈഡൻ, എറണാകുളം
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിഅംഗം. 2019 മുതൽ എറണാകുളത്തെ ലോക്സഭാംഗം. കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പരേതരായ ജോർജ് ഈഡന്റെയും റാണിയുടേയും മകൻ, 41 വയസ്. വിദ്യാഭ്യാസം ബി.കോം. കെ.എസ്.യുവിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു ദേശീയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011ലും 2016ലും നിയമസഭാംഗമായി. 2019ൽ സി.പി.എമ്മിലെ പി. രാജീവിനെ പരാജയപ്പെടുത്തി ലോക്സഭാംഗമായി. ഭാര്യ: അന്ന ലിൻഡ ഈഡൻ. മകൾ: ക്ളാര അന്ന ഈഡൻ.
 ബെന്നി ബഹനാൻ, ചാലക്കുടി
പെരുമ്പാവൂർ വെങ്ങോല സ്വദേശി. വയസ് 72. മാതാപിതാക്കൾ: ഒ. തോമസ്, ചിന്നമ്മ തോമസ്. ഭാര്യ: ഷേർളി. രണ്ടു മക്കൾ.
1978 മുതൽ 1979 വരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. 1979 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. 1981 മുതൽ 82 വരെ കെ.പി.സി.സി നിർവാഹക സമിതി അംഗം. 1987ൽ പിറവം നിയമസഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 1996ൽ എ.ഐ.സി.സി അംഗമായി. 2004ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2010ൽ തൃശൂർ ഡി.സി.സി പ്രസിഡന്റായി. 2011 മുതൽ 16 വരെ തൃക്കാക്കര എം.എൽ.എ. 2018 മുതൽ 2020 വരെ യു.ഡി.എഫ് സംസ്ഥാന കൺവീനർ. 2019ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു.
 കെ. മുരളീധരൻ, തൃശൂർ
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14ന് കെ. മുരളീധരൻ (67) ജനിച്ചു. തൃശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ലാ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സേവാദളിന്റെ അമരത്തിരിക്കെ 1989ൽ കോഴിക്കോട്ട് നിന്ന് പാർലമെന്റിൽ. 1991ലും 1999ലും വിജയം. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തോറ്റു. 2001- 2004ൽ കെ.പി.സി.സി അദ്ധ്യക്ഷൻ. 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയിൽ ചുരുങ്ങിയകാലം വൈദ്യുതി മന്ത്രിയായി. 2011ലും 2016ലും വട്ടിയൂർക്കാവിൽ നിന്ന് എം.എൽ.എ. 2019ൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക്. ഭാര്യ: ജ്യോതി മുരളീധരൻ. മക്കൾ: അരുൺ നാരായണൻ (ഗൾഫ്), ശബരീനാഥ് (ഹിന്ദുസ്ഥാൻ ലാറ്റക്സ്).
 വി.കെ. ശ്രീകണ്ഠൻ, പാലക്കാട്
പാലക്കാട്ടെ ലോക്സഭാംഗം. 1970ൽ ഷൊർണൂർ കൃഷ്ണനിവാസിൽ കൊച്ചുകൃഷ്ണൻ നായരുടെയും വെള്ളാളത്ത് കാർത്യായനിയമ്മയുടെയും മകനായി ജനനം. 1993ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി, പാലക്കാട് ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവത്തിച്ചിട്ടുണ്ട്. 2019ൽ സി.പി.എമ്മിന്റെ എം.ബി.രാജേഷിനെ 11637 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോക്സഭയിലെത്തി. ഇത് രണ്ടാം ഊഴം. കെ.പി.സി.സി ജനറൽ സെക്രട്ടറിയും നെന്മാറ എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപികയുമായ പ്രൊഫ. കെ.എ.തുളസിയാണ് ഭാര്യ.
 രമ്യ ഹരിദാസ്, ആലത്തൂർ
ആലത്തൂരിലെ സിറ്റിംഗ് എം.പി. കോഴിക്കോട് കുന്നമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാതാപിതാക്കൾ: പി. ഹരിദാസ്, മഹിളാ കോൺഗ്രസ് പ്രവർത്തക രാധ. 2019ൽ ആലത്തൂരിൽ സി.പി.എമ്മിലെ പി.കെ. ബിജുവിനെ പരാജയപ്പെടുത്തി. ഗായിക കൂടിയാണ്. കെ.എസ്.യുവിൽ നിന്ന് തുടങ്ങിയ രമ്യ പിന്നീട് യൂത്ത് കോൺഗ്രസിൽ ചേർന്നു. ഏകതാ പരിഷത്ത് എന്ന സിവിൽ സൊസൈറ്റിയുടെ ഭാഗമായി, ഭൂപരിഷ്കരണത്തിനായുള്ള നിരവധി സമരങ്ങളിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ടാലെന്റ് ഹണ്ട് ടീമാണ് രമ്യയെ കണ്ടെത്തി. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്ററായി.
 ഇ.ടി.മുഹമ്മദ് ബഷീർ, മലപ്പുറം
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിണ്. പൊന്നാനിയിലെ ഹാട്രിക് വിജയത്തിന് ശേഷമാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്. 1985 മുതൽ നാല് തവണ നിയമസഭാ അംഗമായിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വിദ്യാഭ്യാസ മന്ത്രിയായി. 2009 മുതൽ ലോക്സഭയിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്നു.
 അബ്ദുസമദ് സമദാനി, പൊന്നാനി
മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റാണ്. മലപ്പുറത്തെ സിറ്റിംഗ് എം.പിയാണ്. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉറുദു, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടയ്ക്കൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലുമെത്തി (2011-16). മികച്ച സാഹിത്യ രചനയ്ക്കുള്ള എസ്.കെ.പൊറ്റെക്കാട് അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
 എം.കെ.രാഘവൻ, കോഴിക്കോട്
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നാലാമങ്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി. കണ്ണൂർ പയ്യന്നൂരിൽ ജനനം. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു . 2009, 2014, 2019ൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗം. ഭാര്യ ഉഷാകുമാരി എം.കെ (ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരി). ഹൈക്കോടതി അഭിഭാഷകനായ അർജ്ജുൻ രാഘവൻ, എസ്.ബി.ഐ മാനേജർ അശ്വതി രാഘവൻ എന്നിവർ മക്കൾ.
 ഷാഫി പറമ്പിൽ, വടകര
2011 മുതൽ പാലക്കാട് എം.എൽ.എ. 1983 ഫെബ്രുവരി 12ന് ജനനം. പട്ടാമ്പി ഓങ്ങല്ലൂർ ഷാനവാസ് പറമ്പിലിന്റേയും മൈമൂനയുടേയും മകൻ. പട്ടാമ്പി സംസ്കൃതകോളജിൽ നിന്ന് ബി.ബി.എ. തൃശൂർ വെസ്റ്റ് ഫോർട്ട് കോളേജിൽ നിന്ന് എം.ബി.എ എന്നിവ നേടി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മാഹി സ്വദേശിനി അഡ്വ. അലീഷ അലി. മകൾ: ദുഅ. സഹോദരിമാർ: ഷിഫ, ഷെഫിൻ, സൽഫ.
 രാഹുൽ ഗാന്ധി, വയനാട്
53 വയസ്. ഗാന്ധി കുടുംബത്തിലെ നാലാം തലമുറ നേതാവ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെയും മകനായി1970 ജൂൺ 19ന് ഡൽഹിയിൽ ജനനം. കേംബ്രിഡ്ജിൽ നിന്ന് ബിരുദാനന്തര ബിരുദം എടുത്ത ശേഷം കുറച്ചുനാൾ യു.കെയിൽ ജോലി. 2004ൽ രാഷ്ട്രീയ പ്രവേശം. ഇന്ത്യൻ യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ എന്നിവയുടെ ചെയർപേഴ്സൺ. 2004, 2009, 2014 വർഷങ്ങളിൽ അമേഠിയിൽ നിന്ന് ലോക്സഭയിൽ. 2019ൽ വയനാട്ടിൽ ജയം. അമേഠിയിൽ തോൽവി.
2013ൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്. 2017ൽ കോൺഗ്രസ് അദ്ധ്യക്ഷൻ. 2019ൽ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു.
 കെ. സുധാകരൻ, കണ്ണൂർ
കെ.പി.സി.സി അദ്ധ്യക്ഷനാണ് കെ. സുധാകരൻ (75). കണ്ണൂർ സിറ്റിംഗ് എം.പി. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എം.എൽ.എയായിരുന്നു 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായിക വകുപ്പു മന്ത്രി. 2009ലും 2019ലും ലോക്സഭാംഗം. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിലും തോറ്റു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് നിയമബിരുദവും നേടി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ. 1978ൽ രാജിവെച്ച് ജനതാ പാർട്ടിയിൽ ചേർന്നു.1984ൽ കോൺഗ്രസിൽ തിരിച്ചെത്തി. ഭാര്യ: സ്മിത (റിട്ട. അദ്ധ്യാപിക) മക്കൾ: സൻജോഗ് സുധാകർ, സൗരവ് സുധാകർ. മരുമകൾ: ശ്രീലക്ഷ്മി.
 രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോട്
കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ 1953 ൽ ജി. കുട്ടൻപിള്ളയുടേയും സരസ്വതിയുടേയും മകനായി ജനനം. വിദ്യാർത്ഥി കാലഘട്ടത്തിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായി രാഷ്ട്രീയ പ്രവേശനം. കേരളാ യൂണിവേഴ്സിറ്റി യൂണിയർ കൗൺസിലിൽ അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, കെ.പി.സി.സി അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി വക്താവ്, സേവാദൾ ദേശീയ ഓർഗസൈനിംഗ് സെക്രട്ടറി, സംസ്ഥാന ചെയർമാൻ, ജയിഹിന്ദ് ടി.വി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായിരുന്നു. 2006ൽ തലശ്ശേരിയിലും 2016ൽ കുണ്ടറയിലും പരാജയം. 2019ൽ കാസർകോട്ട് നിന്ന് പാർലമെന്റിൽ. 20 ലേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുധാകുമാരി. മക്കൾ: അഖിൽ ഉണ്ണിത്താൻ, അതുൽ ഉണ്ണിത്താൻ, അമൽ ഉണ്ണിത്താൻ.