s

തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17 ശതമാനം വേതന വർദ്ധനയും പെൻഷൻ, സേവന വ്യവസ്ഥ പരിഷ്‌കരണവും ഉറപ്പാക്കുന്ന പന്ത്രണ്ടാം ഉഭയകക്ഷി കരാർ മുംബയിൽ ഒപ്പുവച്ചു. വേതന വർദ്ധനയ്ക്ക് 2022 നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യം.

പന്ത്രണ്ട് പാെതുമേഖല ബാങ്കുകൾ, പത്ത് സ്വകാര്യ ബാങ്കുകൾ, മൂന്ന് വിദേശ ബാങ്കുകൾക്കാണ് കരാർ ബാധകം. എട്ടുലക്ഷത്തിലധികം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. കാലാവധി അഞ്ചു വർഷം. ശമ്പള പരിഷ്കരണംമൂലം അധിക ബാദ്ധ്യത 12,449 കോടി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ ഭാഗമായ അഞ്ചു വർക്ക്‌മെൻ യൂണിയനുകൾ, നാല് ഓഫീസർ സംഘടനകളുമാണ് കരാറിൽ ഒപ്പുവച്ചത്. കേരളത്തിൽ നിന്ന് സംഘടന പ്രതിനിധിയായി ബി. രാംപ്രകാശ് പങ്കെടുത്തു.

ക്ളറിക്കൽ വിഭാഗം

ശമ്പളം 24,050- 64,480 രൂപ

1.പുതുക്കിയ കരാർ പ്രകാരം ക്ലറിക്കൽ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തിൽ 24,050 രൂപ, അവസാനം 64,480

2.സബോർഡിനേറ്റ് ജീവനക്കാർക്ക് ഇത് യഥാക്രമം 19,500, 37,815 രൂപ.

3.ഒറ്റ പ്രസവത്തിൽ രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ വനിത ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി

4.ബാങ്ക് പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദ്ദേശത്തിൽ തീരുമാനമായില്ല. കേന്ദ്ര ധനവകുപ്പാണ് അന്തിമ അംഗീകാരം നൽകേണ്ടത്