road

കുറ്റിച്ചൽ: പഞ്ചായത്തിലെ കോട്ടൂർ - പറക്കോണം - കാനത്തിൻ റോഡ് തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിൽ. പ്രദേശത്തെ താമസക്കാരായ 50ൽപ്പരം വീട്ടുകാർ ദുരിതത്തിലായിട്ട് വർഷങ്ങൾ ഏറെയായി. ഈ പ്രദേശത്ത് സഞ്ചാരയോഗ്യമായ ഒരു റോഡ് പോലുമില്ല. തെരുവ് ലൈറ്റുകളിൽ പലതും കത്താറില്ല. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ശല്യം നിമിത്തം യാതൊന്നും കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയുമാണ്. സഞ്ചാരയോഗ്യമായ ഒരു റോഡെങ്കിലും ഉണ്ടെങ്കിൽ മാത്രമെ ജനങ്ങൾക്ക് നഗരത്തിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കൂ. കോട്ടൂരിൽ നിന്നും പറക്കോണം കാനത്തിൻ റോഡിലേക്കെത്തുന്നതിന് ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. കോട്ടൂരിൽ നിന്നും പറക്കോണം റോഡു വരെ ഏതാണ്ട് 500 മീറ്ററോളം ടാറിംഗ് കഴിഞ്ഞു. ബാക്കിയുള്ള കുറച്ചു ഭാഗം കോൺക്രീറ്റ് റോഡാണ്. കോൺഗ്രീറ്റ് തീരുന്നത് മുതൽ കാനത്തിൻ റോഡ് തുടങ്ങുന്നത് സഞ്ചാരയോഗ്യമല്ലാത്ത വിധത്തിലാണ്. റോഡിന്റെ വലതുഭാഗത്തായി കരിങ്കൽ കെട്ടിയിട്ടുണ്ടെങ്കിലും ഇവ പലഭാഗവും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഓട്ടോറിക്ഷയ്ക്ക് കഷ്ടിച്ച് പോവാൻ മാത്രമെ ഈ റോഡിലൂടെ കഴിയു. വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ഈ റോഡ് വഴിയാണ് കോട്ടൂർ ജംഗ്ഷനിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പോകുന്നത്. രോഗികളായവരെയും ഗർഭിണികളെയും വൃദ്ധരെയും ആശുപത്രിയിലെത്തിക്കാനും വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 നശിക്കുന്ന ജലസ്രോതസും

റോഡിന്റെ വശത്തായി ഒരു തോട് സ്ഥിതി ചെയ്യുന്നു. പ്രദേശത്തുകാർ കുളിക്കുന്നതിനും അലക്കുന്നതിനുമെല്ലാം ഈ തോടിനെ ആശ്രയിക്കുന്നു. അഗസ്ത്യാർ മലയിൽ നിന്നും ഉത്ഭവിക്കുന്ന നീരുറവ ഒഴുകിയാണ് തോട്ടിൽ വെള്ളമുണ്ടാവുന്നത്. ജനങ്ങളുടെ ഏക ആശ്രയം തന്നെയാണിത്. എന്നാൽ മരച്ചില്ലകളും ഇലകളും വീണ് അഴുകി, കരിങ്കല്ലും മണ്ണും നിറഞ്ഞ് തോട് ഏതാണ്ട് മൂടിയ സ്ഥിതിയിലായി.