p

തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംഗ്‌ബോഡി തീരുമാനിച്ചതായി മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. കുടുംബശ്രീയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ 'ക്വിക് സെർവ്' പദ്ധതി ഉദ്ഘാടനവും അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിന്റ് പേഴ്സൺ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ജെൻഡർ പോയിന്റ് പേഴ്സൺമാർക്കുള്ള ഐ.ഡി കാർഡ് വിതരണം സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി നിർവഹിച്ചു. ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ് വിശിഷ്ടാതിഥിയായി. എഴുത്തുകാരി വിജയരാജ മല്ലിക, ചലച്ചിത്ര താരം ഷൈലജ.പി.അംബു,കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കുടുംബശ്രീ ഗവേണിംഗ്‌ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, വാർഡ് കൗൺസിലർ രാഖി രവികുമാർ,കോർപ്പറേഷൻ സി.ഡി.എസ് അദ്ധ്യക്ഷമാരായ സിന്ധു ശശി,വിനീത.പി,ഷൈന എ,ബീന പി,കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.അരുൺ ബി.നായർ ക്ലാസെടുത്തു.

നഗരങ്ങളിൽ ഇനി ക്വിക് സെർവ്

വീട്ടുജോലി,ക്ലീനിംഗ്,പ്രസവാനന്തര ശുശ്രൂഷ,രോഗീപരിചരണം,ശിശുപരിചരണം,രോഗികൾക്ക് കൂട്ടിരിക്കൽ തുടങ്ങിയ സേവനങ്ങൾ നഗരങ്ങളിൽ കുടുംബശ്രീ ക്വിക് സെർവ് പദ്ധതിയിലൂടെ ലഭ്യമാക്കും.