
കുറ്റിച്ചൽ: ഇരുകാലിലേയും രക്തഓട്ടം നിലച്ച് കാൽമുട്ടിന് താഴെ മുറിച്ചുമാറ്റി കിടപ്പിലായ പിതാവിനെ വർഷങ്ങളായി സംരക്ഷിക്കുന്ന മകളെ എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ആര്യനാട് യൂണിയൻ ഭാരവാഹികൾ ആദരിച്ചു.
പരുത്തിപ്പള്ളി ഇടവിളാകത്ത് വീട്ടിൽ രാഘവപണിക്കരെ (86) പരിചരിക്കുന്ന മകൾ അനിതയെയാണ് ആദരിച്ചത്.പിതാവിനെ എടുത്തുകൊണ്ടു പോയി കുളിപ്പിക്കുന്നതും പ്രാഥമിക കൃതൃം നിർവഹിക്കാൻ സഹായിക്കുന്നതും മകളാണ്.
ഭർത്താവ് മരിച്ച അനിതയ്ക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ല. തന്റെ പിതാവിനെ മരണം വരെ സംരക്ഷിക്കുന്നതിന് സുമനസുകളുടെ സഹായം വേണമെന്നാണ് അനിതയുടെ ആവശ്യം. കുറ്റിച്ചൽ യൂണിയൻ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ:403002010026865.ഐ.എഫ്.എസ്.ഇ കോഡ് .UBINO540307(യൂണിയൻ ബാങ്ക് കുറ്റിച്ചൽ ശാഖ).ഗൂഗിൾ പേ നമ്പർ:9605160608.
വനിതാ ദിനത്തോടനുബന്ധിച്ചാണ് എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ആര്യനാട് യൂണിയൻ ഭാരവാഹികൾ അനിതയെ ആദരിച്ചത്. പ്രസിഡന്റ് സുനി,വൈസ് പ്രസിഡന്റ് അനിതാ സുശീലൻ,സെക്രട്ടറി ശ്രീലത,കമ്മിറ്റിയംഗം ഇന്ദിരാ ശശിധരൻ എന്നിവർ പങ്കെടുത്തു.