ശംഖുംമുഖം: തലസ്ഥാന നഗരത്തിന്റെ അടയാളങ്ങളിലൊന്നായ വലിയതുറ കടൽപ്പാലം ഇന്നലെയുണ്ടായ ശക്തമായ തിരയടിയിൽ രണ്ടായി വേർപെട്ടു, ഒരുഭാഗം ഇടിഞ്ഞുതാഴുകയും ചെയ്‌തു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
വർഷങ്ങൾക്കു മുമ്പുണ്ടായ ശക്തമായ കടലാക്രമണത്തിൽ പാലത്തിന്റെ അടിഭാഗത്തെ തൂണുകൾ കടലിലേക്ക് താഴ്ന്ന് പാലത്തിന്റെ നടുഭാഗവും കുത്തനെ താഴ്ന്നിരുന്നു. എന്നാൽ അറ്റകുറ്റപ്പണി നടത്തി പാലം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പാലത്തിന്റെ നടുഭാഗം വേർപെട്ടത്.
വർഷങ്ങൾക്കു മുമ്പുണ്ടായ കടലാക്രമണത്തിൽ പാലവും കരയുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അന്ന് ഹാർബർ എൻജിനിയിംഗ് വകുപ്പിന്റെ കീഴിൽ ലക്ഷങ്ങൾ മുടക്കി നവീകരണം നടത്തിയാണ് പാലവും കരയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചത്. ഇതിനു പിന്നാലെയാണ് കടലാക്രമണത്തിൽ പാലത്തിന്റെ മദ്ധ്യഭാഗം അപകടാവസ്ഥയിലായത്. പാലത്തിന്റെ അടിഭാഗങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അധികൃതർ താത്പര്യം കാട്ടിയില്ല. ഇതോടെ പാലത്തിന്റെ അടിഭാഗത്തെ തൂണുകൾ പതിയെ കടലിലേക്ക് താഴാൻ തുടങ്ങി. പാലത്തിനെ താങ്ങിനിന്നിരുന്ന തൂണുകളിലൊന്ന് തകർന്നതോടെയാണ് ഇന്നലെ രണ്ടായി പിളർന്നത്.
പാലത്തിന് വിള്ളലുണ്ടായി മദ്ധ്യഭാഗം കടലിലേക്ക് താഴ്ന്നപ്പോൾ അന്ന് മന്ത്രിമാരായിരുന്ന ആന്റണിരാജു,അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥലം സന്ദർശിക്കുകയും കേടുപാടുകൾ സംഭവിച്ച പത്ത് തൂണുകൾ പുനർനിർമ്മിച്ച് ആറുമാസത്തിനുള്ളിൽ പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
വേർപെട്ടത് ജീവിതമാർഗം,
പുതിയ പാലം വേണം
വലിയതുറ തീരത്തു നിന്ന് കടലിൽ വള്ളങ്ങളിറക്കാൻ കഴിയാതെവരുന്ന സാഹചര്യത്തിൽ വള്ളങ്ങൾ വാഹനത്തിലൂടെ പാലത്തിന്റെ അവസാനഭാഗത്തെത്തിച്ച് കടലിലേക്ക് തള്ളിയിട്ടശേഷം മത്സ്യത്തൊഴിലാളികൾ പാലത്തിന്റെ മുകളിൽ നിന്ന് കടലിലേക്ക് ചാടി വള്ളങ്ങളിൽ കയറി മത്സ്യബന്ധനത്തിന് പോകുന്നതായിരുന്നു പതിവ്. തിരികെ മത്സ്യവുമായി വരുന്ന വള്ളങ്ങൾ പാലത്തിന് താഴെ നങ്കൂരമിട്ടശേഷം മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങളുമായി കരയ‌്ക്ക് നീന്തിക്കയറും. കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ ഈ പാലത്തിലിരുന്ന് ചൂണ്ടയിട്ട് മീൻ പിടിച്ച് വിൽക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തിൽ ആധുനിക രീതിയിലുള്ള പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചരിത്രമുറങ്ങുന്ന പാലം
വലിയതുറയിൽ ആദ്യമുണ്ടായിരുന്ന ഇരുമ്പ് പാലം 1947ൽ കപ്പലിടിച്ച് തകർന്നതോടെയാണ് പുതിയ പാലം വന്നത്.
1947നവംബർ 23ന് വലിയതുറയിൽ ചരക്കുകപ്പൽ അടുക്കുന്നത് കാണാൻ നാട്ടുകൾ ഉൾപ്പെടെ നിരവധിപ്പേർ ഇരുമ്പ് പാലത്തിൽ തടിച്ചുകൂടി. എന്നാൽ എസ്.എസ്.പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ നിയന്ത്രണംവിട്ട് ഇടിച്ച് പാലം നടുവേ തകർന്നു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കടലിലായി, നിരവധി പേർ മരിച്ചു. ഇരുമ്പുപാലം തകർന്നതോടെ വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്‌തംഭിച്ചു. 1956 ഒക്ടോബറിൽ 1.10 കോടി രൂപ ചെലവിൽ 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിർമ്മിച്ചു. ഈ പാലമാണ് ഇന്നലെ തകർന്നത്.