jyothish

തിരുവനന്തപുരം: കേഴ്‌വിശക്തിയില്ലെങ്കിലും ജ്യോതിഷ് തന്റെ പരിമിതിയെ മറികടക്കുന്നത് നിറങ്ങൾ കൊണ്ടാണ്. കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്ത ഈ പത്തൊമ്പതുകാരന്റെ ചിത്രങ്ങൾ കാഴ്‌ചക്കാരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കും. 'സായാഹ്ന വഴിയോര തട്ടുകട' എന്നതായിരുന്നു വിഷയം. പതിവ് തെറ്റിക്കാതെ മികച്ചൊരു ചിത്രം തന്നെ ജ്യോതിഷ് വരച്ചിട്ടു.

കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ ജ്യോതിഷ് സ്‌കൂൾ തലത്തിൽ പെയിന്റിംഗിൽ മാത്രമല്ല, വിവിധ വിഭാഗങ്ങളിൽ മത്സരിച്ചിട്ടുണ്ട്. അടൂർ മണക്കാല ബിഷപ്പ് മൂർ കോളേജിലെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. അദ്ധ്യാപികയായ പ്രേമിജയും കേരള ഫീഡ്സ് ജീവനക്കാരനായ ഗോപനുമാണ് മാതാപിതാക്കൾ. സഹോദരി ജോസ്ന, കൊല്ലം വലിയകൂനമ്പായിക്കുളം എൻജിനിയറിംഗ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനിയാണ്.