തിരുവനന്തപുരം: സെനറ്റ് ഹാളിൽ നിന്ന് വട്ടപ്പാട്ടിന്റെ ഈരടികളുയരുമ്പോൾ സമയം പാതിരാവോട് അടുക്കുന്നു.അപ്പോഴും യൂണിവേഴ്സിറ്റി കോളേജിലെ വേദിയിൽ മാർഗംകളി അവസാനിച്ചിരുന്നില്ല.
ആൺകുട്ടികളുടെ ഒപ്പനയാണ് വട്ടപ്പാട്ട്.രണ്ടിന്റേയും പ്രധാന ചേരുവ ചിരിയാണ്. മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന വട്ടപ്പാട്ട് സ്കൂൾ കലോത്സവത്തിലൂടെയാണ് പോപ്പുലറായതും പുതിയ തലമുറ ഏറ്റെടുത്തതും.തൃശൂർ, കോട്ടയം ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ നിലവിലുണ്ടായിരുന്ന മാർഗംകളി കേരളക്കരയാകെ ഏറ്റെടുത്തതും യുവജനോത്സവങ്ങളിലൂടെയായിരുന്നു.സംസ്കൃത കോളേജിലെ വേദിയിൽ പാശ്ചാത്യസംഗീത മത്സരമായിരുന്നു നടന്നത്.സംഗീത കോളേജിൽ മലയാള പദ്യപാരായണവും.കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും സുഗതകുമാരിയുടെയും മാത്രമല്ല പുതിയ തലമുറയിലെ കവികളുടെയും കവിതകൾ മത്സരാർത്ഥികൾ ഏറ്രെടുത്തു ചൊല്ലി.വൈകിട്ട് ആരംഭിക്കേണ്ട മത്സരങ്ങൾ രാത്രിയിൽ തുടങ്ങിയതിൽ ചിലർക്കൊക്കെ പ്രതിഷേധമുണ്ടായിരുന്നു.രാവിലെ ആരംഭിക്കേണ്ട മത്സരങ്ങൾ ആരംഭിച്ചത് വളരെ വൈകിയാണ്.പ്രധാന വേദിയിൽ ആദ്യ ഇനമായ കോൽക്കളി ആരംഭിച്ചപ്പോഴേക്കും നട്ടുച്ചയായി.സംഘാടകർ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കൾ പറഞ്ഞു.ഒപ്പന,മോണോആക്ട്,നാടക മത്സരങ്ങളെല്ലാം ഇന്നാണ്.