arrest

വർക്കല: വർക്കലയിൽ വനിതാ സഞ്ചാരികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ പാപനാശത്തു നിന്ന് ഹെലിപ്പാട് ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന 60കാരിയായ ഫ്രഞ്ച് വനിതയെ തടഞ്ഞുനിറുത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന മസാജിംഗ് സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി കണിച്ചാർ കിഴക്കേപ്പുറം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ജിഷ്ണുവാണ്(23) അറസ്റ്റിലായത്. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ജിഷ്ണുവിനെ വർക്കല കോടതി റിമാൻഡ് ചെയ്തു.

5ന് രാത്രിയിൽ തിരുവമ്പാടി ക്ലിഫിനു സമീപം ഹൈദരാബാദ് സ്വദേശിനിക്കു നേരെയും അതിക്രമം നടന്നു. ബൈക്കിലെത്തി ഉപദ്രവിച്ച യുവാവിനെയും പൊലീസ് പിടികൂടി. മുടപുരം തെറ്റിവിള വീട്ടിൽ ഹരീഷിനെ (28) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേദിവസം രാത്രിയിൽ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയായ റഷ്യൻ വനിതയെ പിന്തുടർന്നെത്തിയ യുവാക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ പിടിയിലായ കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻവീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. സ്‌ത്രീ സുരക്ഷാനടപടികൾ ശക്തമാക്കുന്നതിന് പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.