
വിഴിഞ്ഞം: എക്സൈസ് മൊബൈൽ ഇന്റർവേഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 4 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ.കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളായ പേരേക്കോണം സ്വദേശികളായ വിഷ്ണു(28),ശ്രീരാഗ്(27),അജി(29),ആമച്ചൽ സ്വദേശി ശരത്(26),പാറശാല സ്വദേശി വിപിൻ(26) എന്നിവരെയാണ് പിടികൂടിയത്. കാരോട് മുതൽ 12കിലോമീറ്ററുകളോളം പിന്തുടർന്ന് ചൊവ്വര ഭാഗത്തു വച്ചാണ് ഇന്നലെ വൈകിട്ടോടെ പ്രതികളെ സാഹസികമായി പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് വാങ്ങി രണ്ട് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ഇവരിൽ നിന്ന് 5075 രൂപയും പിടികൂടി. വാഹനവും, തൊണ്ടിമുതലുകളും നെയ്യാറ്റിൻകര റേഞ്ചിന് കൈമാറി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി.വിജയകുമാർ,പ്രിവന്റ് ഓഫീസർ കെ.ഷാജു,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജയൻ.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,ഹരിപ്രസാദ്,സുജിത്ത്,അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.