
തിരുവനന്തപുരം:സുപ്രീംകോടതിയിൽ പോരാടി 13609 കോടിയുടെ വായ്പാ അനുമതി വാങ്ങിയെടുത്തതോടെ ശമ്പളവിതരണം പൂർത്തിയാക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാം റൗണ്ട് ചർച്ച പരാജയപ്പെട്ടത് വികസനപദ്ധതികളെ ബാധിച്ചേക്കും. 15000 കോടി കൂടി കിട്ടാൻ വേണ്ടിയായിരുന്നു ചർച്ച .ഇനി കോടതി ഇടപെടലാണ് ഏക പ്രതീക്ഷ.
സാമ്പത്തിക വർഷാവസാന മാസമായ മാർച്ചിൽ 22000കോടിയോളം രൂപ ചെലവിന് വേണം. ശമ്പള,പെൻഷൻ വിതരണത്തിനുള്ള 5600കോടി ഒഴിവാക്കിയാൽ ബാക്കി തുക പദ്ധതി ചെലവിനുള്ളതാണ്. വായ്പ തിരിച്ചടവാണ് മറ്റൊരു സുപ്രധാന ചെലവ്. വർഷാന്ത്യത്തിൽ ഇത് നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള ഗതിയെ ബാധിക്കും. അടുത്തമാസത്തേക്ക് മാറ്റിവെയ്ക്കാനുമാകില്ല.
പദ്ധതികളുടെ പുരോഗതി മന്ദഗതിയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. വർഷം തീരാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ തദ്ദേശസ്ഥാപനങ്ങളിൽ 59% മാത്രമാണ് പദ്ധതി പൂർത്തിയായത്. മൊത്തത്തിൽ 63%.കേന്ദ്രപദ്ധതികളുടെ ചെലവ് 57%. സംസ്ഥാനവിഹിതം നൽകാൻ കഴിയാത്തതാണ് കാരണം. ഇതിന്റെ ബില്ലുകൾ ഈ മാസം പാസാക്കി കൊടുത്തില്ലെങ്കിൽ ലാപ്സാകും. അതൊഴിവാക്കാൻ ബില്ലുകൾ കൂട്ടത്തോടെ പാസാക്കി കൊടുക്കുന്നതാണ് രീതി. ട്രഷറിയിൽ പണമില്ലെങ്കിൽ അത് നടക്കില്ല.ഈ വർഷം ചെലവാക്കിയില്ലെങ്കിൽ അടുത്ത വർഷത്തെ പദ്ധതികൾക്ക് വിഹിതം കുറയും. അത് വികസനത്തെ പ്രതികൂലമായി ബാധിക്കും.
സമ്മതിച്ച 13609 കോടിയിലും
കുറവ് വരുമെന്ന് ആശങ്ക
13609കോടിരൂപയുടെ വായ്പാനുമതി നൽകാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചത്. വ്യവസ്ഥകൾ നിയമാനുസൃതം കേന്ദ്രത്തിന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ചട്ടങ്ങളുടെ കുരുക്ക് വന്നേക്കും. വൈദ്യുതിമേഖലയിലെ പരിഷ്ക്കരണങ്ങളുടെ പേരിൽ 4866 കോടിരൂപയുടെ വായ്പ ലഭിക്കണമെങ്കിൽ ഉപാധികൾ പാലിക്കണം. അത് കേരളം പാലിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടമായ 1360കോടിയുടെ 60% തുകയായ 763കോടിരൂപ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് സുപ്രധാന വ്യവസ്ഥ. ഇതിനായി സംസ്ഥാനം ഉത്തവിറക്കിയെങ്കിലും തുക കൈമാറിയിട്ടില്ല. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശികയുടെ മൂന്നിൽ രണ്ടും കൊടുത്തുതീർക്കണമെന്നതാണ് രണ്ടാമത്തെ ഉപാധി. അതും പൂർത്തിയിയാക്കിയിട്ടില്ല.റെഗുലേറ്ററി അസറ്റ് ഉറപ്പാക്കണമെന്നാണ് മൂന്നാമത്തെ വ്യവസ്ഥ.അതും പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 4866കോടി തടഞ്ഞുവയ്ക്കുമെന്ന് ആശങ്കയുണ്ട്. ഇന്നലെ 15000കോടിയുടെ വായ്പാനുമതി താൽക്കാലികമായി കിട്ടിയേക്കുമെന്നായിരുന്നു പ്രതീക്ഷ. അത് അസ്ഥാനത്തായി. കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാകമ്പനിയുടേയും വായ്പകളുടെ പേരിൽ പൊതുവായ്പയിൽ കുറവ് വരുത്തരുതെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.അത് സ്വീകാര്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം.