
കുറുപ്പംപടി: പണംവാങ്ങി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽവീട്ടിൽ ലിബിന ബേബിയെ (30) കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തത് ഓടക്കാലി സ്വദേശിയിൽനിന്ന് 4ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ്.
ദേശസാത്കൃത ബാങ്കിൽ സ്വർണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ ഓടക്കാലി സ്വദേശിക്ക് വിൽക്കാമെന്നും യുവതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 4ലക്ഷംരൂപ നൽകിയത്. പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരംരൂപ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. 4ലക്ഷംരൂപ ബാങ്കിൽ കൊടുത്തെന്നും ആധാറിന്റെ ഒറിജിനലുണ്ടെങ്കിലേ സ്വർണം തിരിച്ചെടുക്കാൻ കഴിയൂവെന്നും പറഞ്ഞ് യുവതി ബാങ്കിൽനിന്ന് മുങ്ങി. പിന്നീടുള്ള പരിശോധനയിൽ ബാങ്കിൽ ഇവർ സ്വർണം പണയംവച്ചിട്ടില്ലെന്ന് മനസിലായി. ഈ കേസിലായിരുന്നു അറസ്റ്റ്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഓടക്കാലിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ലിബിന തട്ടിയെടുത്തിരുന്നതായി വ്യക്തമായത്. ഏഴ് പ്രാവശ്യമായിട്ടാണ് 42 ഗ്രാമിലേറെ മുക്കുപണ്ടങ്ങൾ പണയംവച്ചിട്ടുളളത്. സ്ഥാപനത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്. പൊലീസ് ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തി അന്വേഷണം വ്യാപിപ്പിച്ചു.
കുറുപ്പംപടി ഇൻസ്പെക്ടർ ഹണി കെ.ദാസ്, സബ് ഇൻസ്പെക്ടർമാരായ ടി. ബിജു, എം.ആർ. ശ്രീകുമാർ, സീനിയർ സി.പി.ഒമാരായ സുനിൽ കെ.ഉസ്മാൻ, എൻ.പി. ബിന്ദു, എം.ബി. സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.