കുന്നംകുളം: പഴഞ്ഞി എം.ഡി കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ച സീനിയർ വിദ്യാർത്ഥിക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഹിലാൽ, കനിഷ് എന്നിവരെ ആക്രമിച്ച സംഭവത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അരുൺ ദാസിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ മർദ്ദനമേറ്റ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ പരീക്ഷ എഴുതാനെത്തിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ കോളേജിന്റെ ചവിട്ടുപടിയിൽ ഇരുന്ന സീനിയർ വിദ്യാർത്ഥി അരുൺ ദാസിനെ നോക്കി എന്ന കാരണത്താലാണ് ജൂനിയർ വിദ്യാർത്ഥികളായ ഇരുവരെയും മർദ്ദിച്ചതെന്ന് പറയുന്നു.

പരീക്ഷ കഴിഞ്ഞ് പുറത്തുവരികയായിരുന്ന സമയത്ത് വീണ്ടും സീനിയർ വിദ്യാർത്ഥികൾ ഇരുവരെയും മർദ്ദിച്ചു. മർദ്ദനത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജൂനിയർ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.