കൊച്ചി:തൃശൂർ കോർപ്പറേഷനിൽ കുടിവെള്ള വിതരണ ക്രമക്കേടിൽ നഷ്ടമുണ്ടായ 99 ലക്ഷം രൂപ മുൻമേയർ അജിത ജയരാജ്, മുൻസെക്രട്ടറി കെ.എം. ബഷീർ, കൗൺസിലർ എം.എൽ. റോസി എന്നിവരിൽനിന്ന് മൂന്നുമാസത്തിനകം ഈടാക്കാൻ തദ്ദേശ സ്ഥാപന ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു.
മൂന്നു പേരും 35 ലക്ഷം വീതം നഗരസഭയിൽ അടയ്ക്കണം. ഇല്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കണം. അധികാര ദുർവിനിയോഗത്തിന് രണ്ട് ജനപ്രതിനിധികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാൻ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന് വിടും.
2016-17 വർഷത്തെ ടെൻഡറിലെ കേസാണിത്. ചട്ടങ്ങൾ ലംഘിച്ച് പഴയ കരാറുകാരെക്കൊണ്ട് ഉയർന്ന നിരക്കിൽ ലോറിയിൽ കുടിവെള്ളം വിതരണം നടത്തിയതിൽ 99,56,338 രൂപ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. പരാതിക്കാരനായ കെ.ഡി. മാത്യുവിന് 25000 രൂപ പാരിതോഷികം നൽകാനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
വിജിലൻസ് അന്വേഷണത്തിനായി സൂപ്രണ്ട് പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറലിനോടും നിർദ്ദേശിച്ചു.
• അഴിമതിയുടെ വെള്ളപ്പൊക്കം
ആയിരം ലിറ്ററിന് 99 രൂപ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത രതീഷിന് കരാർ നൽകിയെന്ന് കളവായി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി പഴയ കരാറുകാരിൽ നിന്ന് ഉയർന്ന നിരക്കിൽ വെള്ളം വാങ്ങിയതാണ് കേസിനാധാരം. ബില്ലുകളിൽ തിരിമറികളും കണ്ടെത്തി.
രതീഷിന് കരാർ നൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചശേഷം കരാറുകാരൻ പിന്മാറിയെന്ന് പറഞ്ഞ് കൂടിയ നിരക്കിൽ വെള്ളംവാങ്ങാൻ മേയർ കുറിപ്പെഴുതിയതും കണ്ടെത്തി.