തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതിപ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എ.ജി ആൻഡ് പി പ്രഥം എന്ന കമ്പനിക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമ്മാണച്ചുമതല. തിരുവനന്തപുരം നഗരത്തിൽ 700 കോടി രൂപയും കഴക്കൂട്ടം മണ്ഡലത്തിൽ 150 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവാക്കുന്നത്.
ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ നാല് വാർഡുകളിൽ 6000 കണക്ഷൻ മേയ് മാസത്തോടെ നൽകും.മണ്ഡലത്തിലെ 22 വാർഡുകളിൽ ആദ്യം ഗ്യാസ് വിതരണം നടത്തിയ കടകംപള്ളി വാർഡിൽ 3500 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 12 വാർഡുകളിലും ബാക്കി ആറ് വാർഡുകളിൽ മൂന്നാം ഘട്ടമായും ഗ്യാസ് ലൈൻ കണക്ഷൻ എത്തിക്കാൻ കഴിയും.
കടകംപള്ളി വാർഡ് കൗൺസിലർ പി.കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാദേവി സി.എസ്,എജി ആൻഡ് പി പ്രഥം റീജിയണൽ ഹെഡ് അജിത് വി.നാഗേന്ദ്രൻ എന്നിവർ പങ്കെടുത്തു.