p

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, റേഷൻ കടകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റേയും ചിത്രമുള്ള പോസ്റ്ററുകൾ ഒട്ടിച്ചുതുടങ്ങി. നേരത്തേ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ കടകൾക്കു മുന്നിൽ ഒട്ടിക്കണമെന്ന കേന്ദ്ര നിർദ്ദേശം സർക്കാർ ചെവിക്കൊണ്ടിരുന്നില്ല. കേന്ദ്ര പോസ്റ്ററുകൾ എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്.

'അഭിമാനമാണ് നമ്മുടെ പൊതുവിതരണം" എന്നതാണ് പോസ്റ്ററിലെ പ്രധാന വാചകം. എന്നാൽ കേന്ദ്ര പദ്ധതിയായ 'ഒരു രാജ്യം ഒരു റേഷൻ കാർഡ് " എന്നാണ് പോസ്റ്ററിൽ ഏറ്റവും മുകളിൽ എഴുതിയിരിക്കുന്നത്. ഉറപ്പു നൽകുന്ന പ്രതിമാസ ഭക്ഷ്യധാന്യ വിഹിതം എന്ന വാഗ്ദാനവും കേന്ദ്രത്തിന്റേതാണ്.

കടകളിൽ പോസ്റ്റർ പതിച്ചിട്ടുണ്ടോ എന്നത് അധികൃതരെത്തി പരിശോധിക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് കാലമായതിനാൽ പോസ്റ്റർ പതിക്കേണ്ട എന്ന തീരുമാനത്തിലാണ് റേഷൻ വ്യാപാരികളുടെ ചില സംഘടകനകൾ.

എന്തൊക്കെ റേഷൻ സാധനങ്ങൾ ലഭിക്കുന്നുവെന്ന് ഗുണഭോക്താക്കളെ ബോദ്ധ്യപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് പോസ്റ്ററുകൾ ഒട്ടിക്കുന്നതെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മുഖ്യമന്ത്രി നിർദ്ദേശം

നൽകിയിട്ടില്ല

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ പതിക്കാൻ നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് മികച്ച പൊതുവിതരണ സമ്പ്രദായം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തർക്കമറ്റ ആ വസ്തുത ജനങ്ങളുടെ മനസ്സിലും അനുഭവത്തിലും ഉണ്ട്. ഏതെങ്കിലും ബ്രാൻഡിംഗിലൂടെ അത് അടിച്ചേൽപ്പക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഒരു തരത്തിലുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു.